Breaking News

Trending right now:
Description
 
May 23, 2016

പുനരുപയോഗ ബഹിരാകാശ വാഹനവിക്ഷേപണം വിജയം; ചരിത്രംകുറിച്ച്‌ ഇന്ത്യ

image ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം വിജയംകണ്ടു. ഇത്‌ രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്‌ക്ക്‌ വന്‍ മുന്നേറ്റമൊരുക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ ഇന്നു രാവിലെ ഏഴിന്‌ ഐഎസ്‌ആര്‍ഒ വിക്ഷേപണ വാഹനമായ റീയൂസബിള്‍ ലോഞ്ച്‌ വെഹിക്കിളിന്റെ (ആര്‍എല്‍വി-ടിഡി) ഒന്നാമത്തെ പരീക്ഷണപ്പറക്കല്‍ നടത്തിയത്‌. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ ബ്ലൂസ്റ്റാര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്‌ ഡൗണ്‍ ഞായറാഴ്‌ച രാത്രി 11ന്‌ ആരംഭിച്ചിരുന്നു. 15 വര്‍ഷം മുമ്പ്‌ ആരെഭിച്ച പദ്ധതിയാണ്‌ ഇപ്പോള്‍ പരീക്ഷണ വിജയം നേടിയിരിക്കുന്നത്‌. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത്‌ എത്തിച്ചശേഷം തിരികെ ഭൂമിയിലെത്താന്‍ ശേഷിയുള്ളതാണു പുതുതായി വികസിപ്പിച്ച ഷട്ടില്‍. ഒമ്പതു മീറ്റര്‍ നീളമുള്ള റോക്കറ്റിനു 11 ടണ്‍ ഭാരമുണ്ട്‌. യഥാര്‍ഥ ഷട്ടിലിനേക്കാള്‍ ചെറുതാണ്‌ ഇപ്പോള്‍ പരീക്ഷണ പറക്കല്‍ നടത്തിയത്‌. 70 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയശേഷം ഷട്ടില്‍ ഭൂമിയിലേക്കു തിരിച്ചുവരും. പരീക്ഷണത്തിനു 10 മിനിറ്റാണു ദൈര്‍ഘ്യം.

വിക്ഷേപണങ്ങളുടെ ചെലവ്‌ പകുതിയായി കുറയ്‌ക്കുകയാണ്‌ ഐഎസ്‌ആര്‍ഒയുടെ പ്രധാന ലക്ഷ്യം. ഉപഗ്രഹ വിക്ഷേപണച്ചെലവ്‌ കിലോയ്‌ക്ക്‌ മൂന്നുലക്ഷത്തോളം രൂപയില്‍ നിന്നു രണ്ടുലക്ഷത്തിനുള്ളിലൊതുക്കാന്‍ വിക്ഷേപണ വാഹനത്തിന്റെ പുനരുപയോഗത്തിലൂടെ കഴിയും. 95 കോടിരൂപയോളം ചെലവഴിച്ചാണ്‌ പരീക്ഷണവാഹനം തയാറായത്‌. വിമാനഘടനയോടു സാദൃശ്യമുള്ള യഥാര്‍ഥ വാഹനത്തിന്റെ ചെറുരൂപമാണ്‌ പരീക്ഷണത്തിന്‌ ഉപയോഗിച്ചത്‌. 2030നുള്ളില്‍ പൂര്‍ണ സജ്ജമായ വിക്ഷേപണ വാഹനം നിര്‍മിക്കാനാണ്‌ ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്‌. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിലാണ്‌ വാഹനത്തിന്റെ സഞ്ചാരം. വിക്ഷേപണത്തിനു മുമ്പുള്ള പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. സാധാരണ വിക്ഷേപണത്തിന്റെയത്ര സങ്കീര്‍ണ്ണതകള്‍ ഇല്ലാത്തതാണ്‌ ഇപ്പോള്‍ നടന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം. തിരുവനന്തപുരം വിക്രംസാരാഭായ്‌ സ്‌പേസ്‌ സെന്ററിലെ ഡയറക്ടര്‍ ഡോ.കെ.ശിവന്‍, ആര്‍എല്‍വി-ടിഡിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ എന്‍.ശ്യാം മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന്‌ സാക്ഷികളായി. അമേരിക്ക, ഇംഗ്ലണ്ട്‌, റഷ്യ എന്നീ രാജ്യങ്ങളാണ്‌ ഇതിനു മുമ്പ്‌ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളുടെ പരീക്ഷണം നടത്തിയിട്ടുള്ളത്‌.