Breaking News

Trending right now:
Description
 
May 22, 2016

പിണറായി വിഎസിനെയും ഉമ്മന്‍ചാണ്ടിയേയും സന്ദര്‍ശിച്ചു

image ഇക്കാലമത്രയും കയറാതിരുന്ന വി.എസ്‌ അച്യുതാനന്ദന്റെ കന്റോണ്‍മെന്റ്‌ ഹൗസിന്റെ പടി ഇതാദ്യമായി നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ ചവിട്ടിക്കയറി വിഎസുമായി ചര്‍ച്ച നടത്തിയതോടെ ഒരു പതിറ്റാണ്ടിലേറെ പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയതയ്‌ക്ക്‌ മഞ്ഞുരുക്കം. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു വിഎസിനെ തേടി പിണറായി എത്തിയത്‌. പിണറായിയെ വി.എസ്‌ ഹസ്‌തദാനം നല്‍കി സ്വീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഒപ്പമുണ്ടായിരുന്നു. പിന്നീട്‌ മൂന്നു നേതാക്കളും അടച്ചിട്ട മുറിയില്‍ പത്തു മിനിറ്റോളം ചര്‍ച്ച നടത്തി. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പ്രാധാന്യത്തോടെ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രദ്ധയൂന്നേണ്ട വിഷയങ്ങളെക്കുറിച്ചു മായിരുന്നു സംഭാഷണമെന്നാണു നേതാക്കള്‍ നല്‍കിയ സൂചന. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു നടത്തേണ്ടതെന്നും അഴിമതിക്കും വിലക്കയറ്റത്തിനും എതിരായ കര്‍ശന നടപടിയും ജിഷവധത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീസുരക്ഷയ്‌ക്കു പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്‌ടാകണമെന്നും വി.എസ്‌ പിണറായിക്കു നിര്‍ദേശം നല്‍കി. ബുധനാഴ്‌ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ വിഎസിനെ പിണറായി ക്ഷണിക്കുകയും ചെയ്‌തു. മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വിഎസിന്റെ അനുഭവങ്ങള്‍ മനസിലാക്കുവാനാണ്‌ വന്നതെന്നു പിണറായി പിന്നീട്‌ പറഞ്ഞു.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ ജഗതിയിലെ വസതിയിലെത്തി പിണറായി സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മയും അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്നു ചര്‍ച്ച നടന്നു. മുഖ്യമന്ത്രിയായി താന്‍ ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ തൊട്ടുമുമ്പ്‌ അധികാരം വഹിച്ച ആളെന്ന നിലയില്‍ ഭരണപരമായ കാര്യങ്ങളും അല്ലാത്ത വിഷയങ്ങളും സംസാരിക്കുന്നതിനാണ്‌ ഉമ്മന്‍ചാണ്ടിയെ കണ്ടതെന്നു പിണറായി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്‌തു. ഉമ്മന്‍ചാണ്ടി എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കിയോ എന്ന ചോദ്യത്തിന്‌ ആര്‍ക്കു വേണമെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കാമല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി. ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാമെന്നു വ്യക്തമാക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അദ്ദേഹം എകെജി സെന്ററിലേക്കു മടങ്ങി.