Breaking News

Trending right now:
Description
 
May 22, 2016

രാജ്യം ഭരിക്കുന്നത്‌ ബിജെപിയാണെന്ന്‌ ഓര്‍ക്കണം; സിപിഎമ്മിന്‌ കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്‌

image ഇന്ത്യയും പതിനാലു സംസ്ഥാനങ്ങളം ഭരിക്കുന്ന പാര്‍ട്ടിയാണ്‌ ബിജെപിയാണെന്ന കാര്യം സിപിഎം മറക്കരുതെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ കേരളത്തിലെ സിപിഎമ്മിന്‌ മുന്നറിയിപ്പു നല്‍കി. കേരളത്തിലെ ബിജെപി, ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം അക്രമം തുടര്‍ന്നാല്‍ കയ്യംകെട്ടി നോക്കിനില്‍ക്കില്ല. തെരുവില്‍ നേരിടും. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപകമായതോടെയാണ്‌ ബിജെപിയുടെ ഇത്തരത്തിലുള്ള പ്രതികരണം. തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ കഴിഞ്ഞദിവസം കൊലപ്പെടുത്തിയ സിപിഎം അക്രമത്തില്‍ താന്‍ അതീവ ദുഖിതനാണെന്നു ബിജെപി അധ്യക്ഷന്‍ അമിത്‌ഷായും വ്യക്തമാക്കി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ ആശങ്കയുണ്ട്‌. ജനാധിപത്യവിരുദ്ധമായ ഇടതുഭരണത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കു പൂര്‍ണ പിന്തുണനല്‍കും. കേരളം സന്ദര്‍ശിച്ച്‌ അക്രമസംഭവങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും അമിത്‌ ഷാ സൂചനനല്‍കി. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. അതല്ലായെങ്കില്‍ പാര്‍ലമെന്റിലും നിയമസഭയിലും നേരിടുന്നതോടൊപ്പം തെരുവിലും ഇറങ്ങും. ഭരണത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനുള്ള ശ്രമത്തില്‍നിന്ന്‌ സിപിഎം പിന്‍മാറണമെന്നു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സിപിഎം അക്രമങ്ങളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും 26 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തുവെന്നു കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിയമവാഴ്‌ച പൂര്‍ണമായും തകര്‍ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.