Breaking News

Trending right now:
Description
 
May 21, 2016

കേരളത്തിന്റെ കാവലാളായി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന്‌ വിഎസ്‌

image കേരളത്തിന്റെ കാവലാളായി എന്നും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന്‌ മുതിര്‍ന്ന സിപിഎം നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി. പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുകൊണ്ട്‌ പാര്‌ട്ടി തീരുമാനം വന്നശേഷം ആദ്യംനടത്തിയ പത്രസമ്മേളനത്തിലാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തു നിന്നും മാറുന്നതിനു മുന്നോടിയായാണ്‌ അദ്ദേഹം മാധ്യമങ്ങളെ കണ്ടത്‌. പ്രതിപക്ഷ നേതാവ്‌ എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കിയ പാര്‍ട്ടിക്കും മുന്നണിക്കും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. എഴുതി തയാറാക്കിയ വാര്‍ത്താക്കുറിപ്പിന്റെ അവസാന വാചകമായിട്ടാണ്‌ താന്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങളുടെ കാവലാളായി തുടര്‍ന്നും ഉണ്ടാകുമെന്നു പറഞ്ഞത്‌. എല്‍ഡിഎഫിനെ വിജയത്തിലെത്തിച്ച എല്ലാവോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ജിഷ വധക്കേസിലും സോളാര്‍ കുംഭകോണം അടക്കമുള്ള കേസുകളില്‍ സത്യസന്ധമായ അന്വേഷണം ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ശ്രമിക്കും. ഇതുവരെ കേരളം കണ്ട ഭരണമായിരിക്കില്ല എല്‍ഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളെ പറ്റിച്ചും കടലാസ്‌ വികസനം ഉദ്‌ഘാടനം ചെയ്‌തും പരമ്പരാഗത തൊഴില്‍മേഖല വ്യവസായങ്ങളെ തകര്‍ത്തുമാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്‌. ഐടിമേഖലയില്‍ പുരോഗതി ഉണ്ടായില്ലെന്നും വിഎസ്‌ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹം വിവാദ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. സ്ഥാനമാനങ്ങള്‍ എന്തെങ്കിലും പാര്‍ട്ടി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ സ്ഥാനമാനങ്ങളുടെ പിന്നാലെ പോകുന്ന ആളാണോ താന്‍ എന്ന്‌ നിങ്ങള്‍ക്ക്‌ അറിയില്ലേ എന്നാണ്‌ വി.എസ്‌ ചോദിച്ചത്‌.