Breaking News

Trending right now:
Description
 
May 21, 2016

പുകവലിച്ചതിനു പൊലീസിന്റെ കയ്യേറ്റവും അസഭ്യവും; റിട്ട. അധ്യാപകന്‌ ഒരുലക്ഷം നഷ്ടപരിഹാരം

image പൊതുസ്ഥലത്തു പുകവലിച്ചതിനു പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു അധിക്ഷേപിച്ച റിട്ട. അധ്യാപകന്‍ കോഴിക്കോട്‌ വില്യാപ്പള്ളി കുനിയില്‍ വീട്ടില്‍ ഒ. പ്രഭാകരന്‌ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്‌. കേസില്‍ കുറ്റക്കാരനായ അന്നത്തെ എസ്‌ഐയും ഇപ്പോള്‍ സിഐയുമായ പി.എം. മനോജിന്റെ ശമ്പളത്തില്‍ നിന്ന്‌ ആറു മാസം കൊണ്ട്‌ ഈ തുക സര്‍ക്കാര്‍ ഈടാക്കണമെന്നും ജസ്റ്റീസ്‌ എ. മുഹമ്മദ്‌ മുഷ്‌താഖ്‌ നിര്‍ദേശം നല്‍കി. 2012 മേയ്‌ ഒമ്പതിനാണ്‌ സംഭവം. എഴുപതു വയസുള്ള പ്രഭാകരന്‍ പൊതുസ്ഥലത്തുവച്ചു പുകവലിച്ചതിന്‌ പൊലീസ്‌ പിടികൂടുകയായിരുന്നു. റിട്ട. അധ്യാപകനായ തന്നെ പൊതുജനങ്ങളുടെ മധ്യേ കോളറില്‍ പിടിച്ച്‌ വലിച്ചിഴയ്‌ക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്ന്‌ ആരോപിച്ചാണ്‌ റിട്ട. അധ്യാപകനായ പ്രഭാകരന്‍ കോടതിയെ സമീപിച്ചത്‌. പൊലീസ്‌ വലിച്ചിഴച്ചപ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ പ്രഭാകരന്‍ നല്‍കിയ പരാതിയില്‍ മനോജിന്റെ ഒരു ഇന്‍ക്രിമെന്റ്‌ റദ്ദാക്കിക്കൊണ്ട്‌ വകുപ്പു തല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ ശിക്ഷ പര്യാപ്‌തമല്ലെന്നും നഷ്ടപരിഹാരമായി തനിക്കു പത്തു ലക്ഷം രൂപ അനുവദിക്കണമെന്നുമായിരുന്നു പ്രഭാകരന്റെ നിലപാട്‌. പൊലീസ്‌ ഓഫിസര്‍ ഏതു സാഹചര്യത്തിലും പ്രകോപിതനാകാതെ പദവിക്കു ചേരുംവിധം പ്രവര്‍ത്തിക്കണമെന്നു കോടതി വ്യക്തമാക്കി. എസ്‌ഐയുടെ നടപടി പദവിക്കു ചേരുന്നതായിരുന്നില്ലെന്നു കോടതി കുറ്റപ്പെടുത്തി.