Breaking News

Trending right now:
Description
 
May 21, 2016

പിണറായി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 25ന്‌

image സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. പാര്‍ട്ടി തീരുമാനം പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും ഇരുവശത്തും ഇരുത്തി സിപിഎം ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. പോളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ടും യോഗത്തില്‍ പങ്കെടുത്തു. വിഎസിന്‌ എന്തെങ്കിലും പദവി നല്‍കുമോ എന്ന കാര്യം ചര്‍ച്ചയില്‍ വന്നില്ല. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം വേണ്ടിവന്നാല്‍ ആലോചിക്കാമെന്ന്‌ യെച്ചൂരി പിന്നീട്‌ പ്രതികരിച്ചു. എകെജി സെന്ററിലേക്കു വിഎസിനെ വിളിച്ചുവരുത്തിയാണു പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റിന്റെ തീരുമാനം യെച്ചൂരി അറിയിച്ചത്‌. ഉച്ചകഴിഞ്ഞു മൂന്നിനു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടേറിയറ്റ്‌ തീരുമാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ്‌ തീരുമാനം അംഗീകരിക്കുകയായിരുന്നു. പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ കേന്ദ്ര നേതാക്കളോടോ സംസ്ഥാന സമിതിയിലോ വിഎസ്‌ ഒന്നും മിണ്ടിയില്ല. രാവിലെ എകെജി സെന്ററിലെത്തി മടങ്ങിയ വിഎസ്‌ വൈകുന്നേരം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നു മാത്രമായിരുന്നു യെച്ചൂരിയോട്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌.

പ്രതിപക്ഷനേതാവ്‌ എന്ന നിലയില്‍ തന്റെ സംഭാവനകള്‍ വിഎസ്‌ വിവരിക്കുകയും ചെയ്‌തു. വീണ്ടും മത്സരിക്കുകയും ജയിക്കുകയും ചെയ്‌ത സാഹചര്യം ഓര്‍മിപ്പിച്ചു. തന്റെ അനിഷ്ടം വാക്കുകളിലൊതുക്കിയ വിഎസ്‌ പാര്‍ട്ടിക്ക്‌ എന്തു തീരുമാനം വേണമെങ്കിലും എടുക്കാമെന്നു വ്യക്തമാക്കി. സര്‍ക്കാര്‍ ഉപദേശകസമിതി നേതൃപദവിയോ എല്‍ഡിഎഫ്‌ അധ്യക്ഷപദമോ കാബിനറ്റ്‌ റാങ്കോടെ വിഎസിന്‌ നല്‍കുന്ന കാര്യം സംബന്ധിച്ചും പാര്‍ട്ടി നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്‌. പുതിയ മന്ത്രിസഭ 25നു സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമേല്‍ക്കാനാണ്‌ സാധ്യത. ഇക്കാര്യം തീരുമാനിക്കാന്‍ തിങ്കളാഴ്‌ച സിപിഎം നിയമസഭാ കക്ഷിയോഗം ചേര്‍ന്നു പിണറായിയെ നേതാവായി തിരഞ്ഞെടുക്കും. 19 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ്‌ സാധ്യത. 21 പേര്‍വരെ ആകാമെങ്കിലും കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ അംഗങ്ങള്‍ വേണ്ടെന്ന അഭിപ്രായമാണ്‌ സിപിഎമ്മിനുള്ളത്‌. ചീഫ്‌ വിപ്പ്‌പദവി പുതിയ സര്‍ക്കാര്‍ ഒഴിവാക്കാനാണ്‌ സാധ്യത. പാര്‍ലമെന്ററി കാര്യമന്ത്രി തന്നെ ചീഫ്‌ വിപ്പിന്റെ ചുമതലവഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിച്ചിരുന്നു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി തുടരും.