Breaking News

Trending right now:
Description
 
May 20, 2016

കേരളം തൂത്തുവാരി; എല്‍ഡിഎഫ്‌ ഭരണത്തിലേക്ക്‌

image സംസ്ഥാനത്ത്‌ ഇടതു തരംഗം ആഞ്ഞടിച്ചു. ആകെയുള്ള 140 സീറ്റില്‍ 91 സീറ്റിലും വിജയം നേടി ഇടതുമുന്നണി ഭരണം പിടിച്ചു. തുടര്‍ഭരണം പ്രതീക്ഷിച്ച യുഡിഎഫ്‌ 47 സീറ്റില്‍ ഒതുങ്ങി. കേരളത്തില്‍ ആദ്യമായി താമരവിരിയിച്ച്‌ നേമത്ത്‌ ഒ.രാജഗോപാല്‍ വിജയിച്ചപ്പോള്‍ ഇരുമുന്നണികളെയും മലര്‍ത്തിയടിച്ച്‌ പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്‌ രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചു.ഏറെ നാളായുള്ള കാത്തിരിപ്പിനൊടുവില്‍ നിയമസഭയില്‍ താമര വിരിയിക്കാനായതു ബിജെപിക്കു നേട്ടമായി. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലും ഇടതുമുന്നണിക്കു വന്‍ മുന്‍തൂക്കം നേടാനായി. മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളില്‍ മാത്രമാണ്‌ യുഡിഎഫിന്‌ അല്‍പമെങ്കിലും മുന്‍തൂക്കം നേടാനായത്‌. കൊല്ലം ജില്ലയില്‍ എല്ലാ സീറ്റും ഇടതുമുന്നണി തൂത്തുവാരി. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒന്നൊഴികെയുള്ള സീറ്റുകളില്‍ എല്‍ഡിഎഫ്‌ വിജയിച്ചു. വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം കൊടുത്ത ബിഡിജെഎസിന്‌ ഒരിടത്തും ജയിച്ചില്ലെങ്കിലും നാലു ശതമാനം വോട്ട്‌ നേടാനായി. ഇരുമുന്നണികളിലുമായി മത്സരിച്ച 108 സിറ്റിംഗ്‌ എംഎല്‍എമാരില്‍ 82 പേര്‍ വിജയിച്ചു. ഇടതുമുന്നണിയില്‍നിന്നു യുഡിഎഫിലെത്തിയ ആര്‍എസ്‌പി മത്സരിച്ച അഞ്ചു സീറ്റിലും പരാജയപ്പെട്ടതു വന്‍ അട്ടിമറിയായി. എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍- യു ഒരു സീറ്റിലും വിജയിച്ചില്ല. കേരള കോണ്‍ഗ്രസ്‌-എമ്മില്‍നിന്നു പിളര്‍ന്നു മാറി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ എന്ന പേരില്‍ എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ചവര്‍ക്കും വിജയിക്കാനായില്ല.

മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളില്‍ മാത്രമാണ്‌ യുഡിഎഫിന്‌ അല്‍പമെങ്കിലും മുന്‍തൂക്കം നേടാനായത്‌. മന്ത്രിമാരായ കെ. ബാബു, ഷിബു ബേബിജോണ്‍, കെ.പി. മോഹനന്‍, പി.കെ. ജയലക്ഷ്‌മി, സ്‌പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി, സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ എന്നിവരും പരാജയത്തിന്റെ കയ്‌പുനീര്‍ നുണഞ്ഞു. പി.സി. വിഷ്‌ണുനാഥ്‌, ഡൊമിനിക്‌ പ്രസന്റേഷന്‍, കെ. ശിവദാസന്‍നായര്‍, ജോസഫ്‌ വാഴയ്‌ക്കന്‍, ടി.യു കുരുവിള, എം.പി. വിന്‍സെന്റ്‌, എ.പി. അബ്ദുള്ളക്കുട്ടി, സാജുപോള്‍ തുടങ്ങിയവര്‍ പരാജയപ്പെട്ടു. മുന്‍മന്ത്രിമാരായ കെ. സുധാകരന്‍, പന്തളം സുധാകരന്‍, എം.എം. ഹസന്‍, വി. സുരേന്ദ്രന്‍ പിള്ള, ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്‌ എന്നിവരും പരാജയപ്പെട്ട പ്രമുഖരില്‍ പെടും. ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ മത്സരിച്ച വടകരയില്‍ എല്‍ഡിഎഫിലെ സി.കെ. നാണു വിജയിച്ചു. താര മത്സരം നടന്ന പത്തനാപുരത്ത്‌ എല്‍ഡിഎഫിലെ ഗണേഷ്‌കുമാര്‍ മികച്ച വിജയം നേടി. എല്‍ഡിഎഫില്‍ സിപിഎം 57, സിപിഐ 19, ജനതാദള്‍- എസ്‌ മൂന്ന്‌, എന്‍സിപി രണ്ട്‌ സീറ്റുകളും കേരള കോണ്‍ഗ്രസ്‌ ബി, ആര്‍എസ്‌പി- ലെനിനിസ്റ്റ്‌, സിഎംപി- അരവിന്ദാക്ഷന്‍ വിഭാഗം, കോണ്‍ഗ്രസ്‌ എസ്‌ എന്നിവര്‍ ഓരോ സീറ്റും നേടി. കെ.ടി. ജലീല്‍ അടക്കം ആറു സിപിഎം സ്വതന്ത്രരും വിജയിച്ചു. 88 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ 22 സീറ്റില്‍ ഒതുങ്ങി. 24 സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗിന്‌ 18 സീറ്റ്‌ ലഭിച്ചു. കേരള കോണ്‍ഗ്രസ്‌- എമ്മിന്‌ ആറു സീറ്റും കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗത്തിന്‌ ഒരു സീറ്റും ലഭിച്ചു.