Breaking News

Trending right now:
Description
 
May 19, 2016

പിണറായിയുടെ മണ്ഡലത്തില്‍ കള്ളവോട്ട്‌ നടന്നു

image സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിച്ച ധര്‍മടം നിയോജക മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട്‌ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷനു പരാതി നല്‍കി. പിണറായി പഞ്ചായത്തിലെ അഞ്ചു ബൂത്തുകളിലായി 21 പേര്‍ കള്ളവോട്ട്‌ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം യുഡിഎഫ്‌ സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ്‌ ഇലക്‌ഷന്‍ ഏജന്റായ അഡ്വ. ടി.പി. ഹരീന്ദ്രനാണു സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്കു പരാതി നല്‍കിയത്‌. പിണറായി പഞ്ചായത്തിലെ 122, 124, 125, 132, 133 എന്നീ ബൂത്തുകളിലാണു കള്ളവോട്ട്‌ നടന്നതെന്നു പരാതിയില്‍ പറയുന്നു. 21 കള്ളവോട്ടില്‍ 12 വോട്ടും ചെയ്‌തതു 132ാം നമ്പര്‍ ബൂത്തിലാണ്‌. സ്വന്തം ബൂത്തില്‍ വോട്ടുചെയ്‌തശേഷം മറ്റൊരു സമയത്താണു പ്രവര്‍ത്തകര്‍ കള്ളവോട്ട്‌ ചെയ്യാനെത്തിയത്‌.
ഒരാള്‍തന്നെ വ്യത്യസ്‌ത ബൂത്തുകളില്‍ വോട്ട്‌ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണു പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്‌. പോളിംഗ്‌ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വെബ്‌ കാസ്റ്റിംഗ്‌ സംവിധാനത്തില്‍നിന്നാണു ദൃശ്യങ്ങള്‍ സംഘടിപ്പിച്ചത്‌. കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ടും അക്രമവും തടയാന്‍ വന്‍സന്നാഹമാണു പൊലീസും തിരഞ്ഞെടുപ്പ്‌ കമ്മീഷനും ഒരുക്കിയത്‌. ഒരുപരിധിവരെ കള്ളവോട്ടും അക്രമവും തടയാന്‍ ഇതുകൊണ്ടു കഴിയുകയും ചെയ്‌തു. എന്നാല്‍, ഇതിനെയൊക്കെ മറികടന്നും സിപിഎം ഇത്തവണ കള്ളവോട്ട്‌ ചെയ്‌തുവെന്നത്‌ അവര്‍ പതിവായി കള്ളവോട്ട്‌ ചെയ്‌തുവന്നിരുന്നതിന്റെ തെളിവാണെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി. വ്യാപകമായി കള്ളവോട്ട്‌ നടന്ന ബൂത്തുകളില്‍ റീ പോളിംഗ്‌ നടത്തണമെന്ന്‌ യുഡിഎഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സി. രഘുനാഥും ചീഫ്‌ ഇലക്‌ഷന്‍ ഏജന്റ്‌ അഡ്വ. ടി.പി. ഹരീന്ദ്രനും ആവശ്യപ്പെട്ടു. പിണറായി വിജയന്‍ മത്സരിച്ച ധര്‍മടം മണ്ഡലത്തില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കായിരുന്നുവെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭാ തിഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ എരുവേശി പഞ്ചായത്തില്‍ കള്ളവോട്ട്‌ നടന്നതു സംബന്ധിച്ചു യുഡിഎഫ്‌ നല്‍കിയ കേസില്‍ കള്ളവോട്ട്‌ ചെയ്‌തവരെയും പോളിംഗ്‌ ഉദ്യോഗസ്ഥരെയും പ്രതികളാക്കി പൊലീസ്‌ കേസെടുത്തിരുന്നു. ഏതാനും പോളിംഗ്‌ ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു.