Breaking News

Trending right now:
Description
 
May 19, 2016

തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം തുടരുന്നു: 200 വീടുകള്‍ തകര്‍ന്നു

image തിരുവനന്തപുരത്ത്‌ തീരദേശങ്ങളിലെ കടല്‍ക്ഷോഭത്തില്‍ ജില്ലയിലാകെ ഇരുന്നൂറോളം വീടുകള്‍ തകര്‍ന്നു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ്‌ അനൗദ്യോഗിക കണക്ക്‌. വലിയതുറയില്‍ മാത്രം നൂറ്‌ വീടുകള്‍ തകര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ്‌ മേഖലകളിലാണ്‌ കടല്‍ക്ഷോഭം തുടരുന്നത്‌. ഇന്നലെ രാവിലെ മുതല്‍ മൂന്നുമണിക്കൂറോളം കടല്‍ ശാന്തമായിരുന്നു. വൈകിട്ടോടെ കടലാക്രമണം വീണ്ടും രൂക്ഷമായി. വലിയവേളിയില്‍ കടല്‍ ക്ഷോഭത്തെ തുടര്‍ന്നു മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു. കടല്‍ക്കരയില്‍ ബന്ധിച്ചിരുന്ന വള്ളങ്ങളാണ്‌ തകര്‍ന്നത്‌. കടലാക്രമണം രൂക്ഷമായ വലിയതുറയില്‍ താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മിക്കാന്‍ തീരുമാനമുണ്ട്‌. വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി മുന്നൂറോളം പേര്‍ ഉണ്ടെന്നാണ്‌ കണക്ക്‌. വലിയതുറയില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്ന പുനരധിവാസ ക്യാംപിന്റെ ശോച്യാവസ്ഥയെ തുടര്‍ന്നു പല കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരളത്തേക്കു വന്നതിനാല്‍ ഇന്നും കനത്ത മഴപെയ്യുമെന്ന്‌ കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പുനല്‍കി. ന്യൂനമര്‍ദ്ദനത്തെ തുടര്‍ന്ന്‌ നാളെ രാവിലെ കേരളത്തില്‍ മിക്ക ജില്ലകളിലും ശക്തമായ മഴയ്‌ക്കു സാധ്യതയുണ്ട്‌. 21വരെ മഴ നീണ്ടേക്കുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ നാശനഷ്ടം ഉണ്ടായതായാണ്‌ റിപ്പോര്‍ട്ട്‌.