Breaking News

Trending right now:
Description
 
May 18, 2016

പോളിങ്‌ 77.35 ശതമാനം; ഭരണത്തുടര്‍ച്ച ഉറപ്പെന്ന്‌ മുഖ്യമന്ത്രി

image കേരളം വിധികാത്തിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പോളിങ്‌ ശതമാനം 77.35ലേക്ക്‌ ഉയര്‍ന്നു. റെക്കോര്‍ഡ്‌ പോളിങ്‌ നടന്ന 1987ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ (80.54 ശതമാനം) ഒഴിവാക്കിയാല്‍ ഏറ്റവും കൂടുതല്‍ പോളിങ്‌ ശതമാനം ഇത്തവണയാണ്‌. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.13 ശതമാനമായിരുന്നു പോളിംഗ്‌. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.79 ശതമാനവും. തിങ്കളാഴ്‌ച വോട്ടെടുപ്പ്‌ അവസാനിച്ച വൈകുന്നേരം ആറിലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ 71.7 ശതമാനം പോളിംഗ്‌ നടന്നെന്നായിരുന്നു കണക്ക്‌. ആ സമയത്തു വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്ന എല്ലാവര്‍ക്കും വോട്ട്‌ ചെയ്യാന്‍ അനുമതി നല്‍കി. ഇവരുടെ എണ്ണം കൂടി കണക്കാക്കി അവസാന കണക്കുകള്‍ പുറത്തുവന്നപ്പോഴാണ്‌ റിക്കാര്‍ഡ്‌ പോളിംഗ്‌ നടന്നതായി വ്യക്തമായത്‌. സംസ്ഥാനത്തെ ഒട്ടുമിക്ക നിയോജകമണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഉയര്‍ന്ന പോളിംഗ്‌ രേഖപ്പെടുത്തിയതു ഫലം ആര്‍ക്ക്‌ അനുകൂലമാക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ശക്തമായ മഴയെ തരണം ചെയ്‌തുള്ള ഉയര്‍ന്ന പോളിങ്‌ ആര്‍ക്കൊക്കെ ഗുണകരമായെന്നു വ്യാഴാഴ്‌ച ഉച്ചയോടെ അറിയാം. വ്യാഴാഴ്‌ച രാവിലെ എട്ടിന്‌ 140 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്‌റ്റല്‍ ബാലറ്റുകള്‍ എണ്ണും. എട്ടരയ്‌ക്കു വോട്ടിങ്‌ യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും.

കഴിഞ്ഞദിവസം എല്‍ഡിഎഫിനു അനുകൂലമായിവന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ യുഡിഎഫ്‌ മന്ത്രിമാര്‍ കൂട്ടത്തോടെ തള്ളി. ഭരണത്തുടര്‍ച്ച എന്ന പൂര്‍ണമായ ആത്മവിശ്വാസത്തിലാണ്‌ യുഡിഎഫ്‌ എന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വികസനവും കരുതലും എന്ന മുദ്രാവാക്യത്തില്‍ അനുസൃതമായാണ്‌ അഞ്ചുവര്‍ഷവും ഭരിച്ചത്‌. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിും പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുകളിലും അതു ജനങ്ങള്‍ തിരിച്ചറിഞ്ഞു യുഡിഎഫിന്‌ അനുകൂലമായി വോട്ടു ചെയ്‌തു. ഇതിന്റെ തുടര്‍ച്ചയാണ്‌ ഇത്തവണയും ഉണ്ടാവുകയെന്നു മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ പറഞ്ഞു. ഫലം പുറത്തുവരുമ്പോള്‍ വാഗ്‌ദാനങ്ങള്‍ നിറവേറ്റിയ സര്‍ക്കാരിനുള്ള അംഗീകാരമാണ്‌ ഉണ്ടാവുക. കഴിഞ്ഞതവണത്തെക്കാള്‍ കൂടുതല്‍ സീറ്റ്‌ യുഡിഎഫിനു ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നു കെപിസിസി പ്രസിഡന്റ്‌ വി.എന്‍.സുധീരന്‍ വ്യക്തമാക്കി.ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌ പോള്‍ ഫലം പോളിയത്‌ ജനം കണ്ടതാണ്‌. അതുകൊണ്ടുതന്നെ അതിന്റെ പേരിലുള്ള അവകാശവാദത്തിനു പ്രസക്തിയില്ല. യുഡിഎഫിന്‌ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടും. ബിജെപി അക്കൗണ്ട്‌ തുറക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.