Breaking News

Trending right now:
Description
 
May 18, 2016

ലൂപസിനെ വരുതിയിലാക്കാന്‍

ഡോ. രമേശ്‌ ഭാസി, സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ & എച്ച്‌ഓഡി, റൂമറ്റോളജി, ആസ്റ്റര്‍ മിംസ്‌ കോഴിക്കോട്‌
image പരിചയമില്ലാത്ത ഒരു ഫോണ്‍ നമ്പരില്‍നിന്ന്‌ ഒരു കോള്‍ വന്നപ്പോള്‍ ക്രഡിറ്റ്‌ കാര്‍ഡോ കാര്‍ ലോണോ മാര്‍ക്കറ്റ്‌ ചെയ്യാനാണെന്നാണ്‌ ഞാന്‍ കരുതിയത്‌. "ഹാപ്പി വേള്‍ഡ്‌ ലൂപസ്‌ ഡേ, ഡോക്ടര്‍!" എന്ന ആശംസ കേട്ടപ്പോള്‍ ശരിക്കും അതിശയിച്ചുപോയി. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക്‌ ആളെ പിടികിട്ടി. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ സിസ്‌റ്റമാറ്റിക്‌ ലൂപസ്‌ എറിതെമറ്റോസസ്‌ (എസ്‌എല്‍ഇ) എന്ന രോഗത്തിന്‌ ചികിത്സ തേടിയിരുന്ന ഒരു യുവതിയാണ്‌ ആശംസകള്‍ അറിയിക്കാന്‍ വിളിച്ചത്‌. അവര്‍ കഴിഞ്ഞ മാസം ഒരു പെണ്‍കുട്ടിക്ക്‌ ജന്മം നല്‍കിയിരുന്നു. എസ്‌എല്‍ഇ ഉണ്ടായിട്ടുപോലും ഒരു പ്രശ്‌നങ്ങളും ഇല്ലാതിരുന്നതില്‍ അവരുടെ കുടുംബത്തിന്‌ ഏറെ സന്തോഷമായിരുന്നു.
സാധാരണഗതിയില്‍ രോഗപ്രതിരോധശേഷി നശിക്കുന്നതുമൂലം ഉണ്ടാകുന്ന ഗുരുതരരോഗമാണ്‌ എസ്‌എല്‍ഇ. ശരീരത്തില്‍ വ്രണംപോലെ ഉണ്ടാകുകയും ത്വക്ക്‌, സന്ധികള്‍, ഹൃദയം, ശ്വാസകോശം, വൃക്കകള്‍, തലച്ചോര്‍ തുടങ്ങിയ അവയവങ്ങള്‍ക്ക്‌ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നതാണ്‌ ഈ രോഗം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരീരത്തിന്‌ എതിരേതന്നെ പ്രവര്‍ത്തിക്കുന്ന ഓട്ടോഇമ്മ്യൂണ്‍ അവസ്ഥ മൂലമാണ്‌ ഈ രോഗം ഉണ്ടാകുന്നത്‌.


ലോകമെങ്ങുമായി ഏതാണ്ട്‌ അഞ്ചു ദശലക്ഷം ആളുകള്‍ക്ക്‌ എസ്‌എല്‍ഇ ഉണ്ടാകുന്നുണ്ട്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളില്‍ എട്ടു മടങ്ങ്‌ അധികമായി ഈ രോഗം കാണപ്പെടുന്നു. ഇന്ത്യയില്‍ ഈ രോഗാവസ്ഥ കുറവാണ്‌. എന്നാല്‍ നഗരവത്‌ക്കരണവും മാറിവരുന്ന ജീവിതശൈലിയും മൂലം എസ്‌എല്‍ഇ രോഗം കൂടുതലായി കണ്ടു തുടങ്ങിയിട്ടുണ്ട്‌.
മറ്റു പലരോഗങ്ങളുടേയും ലക്ഷണങ്ങള്‍ കാണിക്കുന്നതുകൊണ്ട്‌ എസ്‌എല്‍ഇ എളുപ്പത്തില്‍ തിരിച്ചറിയാനാകില്ല. പ്രത്യേകിച്ച്‌ കാരണം ഒന്നും ഇല്ലാതുള്ള പനി, ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍ എന്നിവയാണ്‌ പ്രാഥമിക ലക്ഷണങ്ങള്‍. മറ്റുപല രോഗത്തിനും ഈ ലക്ഷണങ്ങള്‍ കാണാം. അതുകൊണ്ടുതന്നെ എസ്‌എല്‍ഇ തിരിച്ചറിയാന്‍ പ്രയാസമാണ്‌. ചിലപ്പോള്‍ രോഗികള്‍ ഈ രോഗം തിരിച്ചറിയാതെയും ശരിയായ ചികിത്സ നടത്താതെയും വളരെ വര്‍ഷങ്ങള്‍ തള്ളി നീക്കേണ്ടിവന്നേക്കാം.
പ്രധാന അവയവങ്ങളെ ആണ്‌ ഈ രോഗം ബാധിച്ചിരിക്കുന്നതെങ്കില്‍, രോഗം തിരിച്ചറിയാന്‍ കാലതാമസം എടുത്താല്‍ അത്‌ മാരകമായേക്കാം. ലോക ലൂപസ്‌ ഡേ എല്ലാ വര്‍ഷവും മേയ്‌ മാസം പത്തിനാണ്‌ ആഘോഷിക്കുന്നത്‌. ലൂപസിനേക്കുറിച്ച്‌ അവബോധം ഉണ്ടാക്കാനും രോഗം എളുപ്പത്തില്‍ തിരിച്ചറിയാനും ദിനാചരണം ഉപകരിക്കുന്നു. ചെന്നായ എന്നാണ്‌ ലൂപസ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. എളുപ്പത്തില്‍ തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്‌താല്‍ ഈ ചെന്നായയെ കൂട്ടിലാക്കാന്‍ സാധിക്കും. അതുവഴി കലകളുടെയും അവയവങ്ങളുടെയും നാശം ഒഴിവാക്കുന്നതിന്‌ സാധിക്കും.

ഈ രോഗത്തിന്‌ പൂര്‍ണ്ണമായ സൗഖ്യം സാധ്യമല്ലാത്തതിനാല്‍ ലക്ഷണങ്ങള്‍ കുറയ്‌ക്കുന്നതിനും വീക്കം കുറയ്‌ക്കുന്നതിനുമുള്ള ചികിത്സയാണ്‌ നടത്തുന്നത്‌. നീര്‌ മാറുന്നതിനുള്ള മരുന്നുകള്‍, കോര്‍ട്ടിസോയ്‌ഡുകള്‍, മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നിവയാണ്‌ ചികിത്സയില്‍ ഉപയോഗിക്കുന്നത്‌. പരമ്പരാഗത ചികിത്സകളോട്‌ പ്രതികരിക്കാത്ത രോഗികള്‍ക്ക്‌ മോണോക്ലോണല്‍ ആന്റിബോഡികള്‍ പരീക്ഷിക്കാവുന്നതാണ്‌.


ലഘുവായ രീതിയില്‍ തുടങ്ങി മാരകമായ രീതിയില്‍ വരെ ഈ രോഗം പിടിപെടാറുണ്ട്‌. പലര്‍ക്കും ദീര്‍ഘകാലത്തേക്ക്‌ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയോ കുറച്ചുമാത്രം രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ ചെയ്യാം. എന്നാല്‍ പെട്ടെന്ന്‌ മാരകമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉയര്‍ന്നുവരാം. ഗര്‍ഭിണികളായ സ്‌ത്രീകളില്‍ ഈ രീതിയില്‍ എസ്‌എല്‍ഇ പെട്ടെന്ന്‌ വര്‍ധിക്കുന്നത്‌ കണ്ടുവരുന്നു. ഇതുമൂലം എസ്‌എല്‍ഇ ഉള്ള പല സ്‌ത്രീകളും ഗര്‍ഭിണിയാകുന്നതോര്‍ത്ത്‌ വിഷമിക്കാറുണ്ട്‌. എന്നാല്‍ സ്‌ത്രീകള്‍ ഗര്‍ഭിണിയാകുന്നതിനുള്ള സാധ്യതകള്‍ എസ്‌എല്‍ഇ കുറയ്‌ക്കുന്നില്ല. അതുപോലെതന്നെ ലൂപസ്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ 50 ശതമാനത്തില്‍ താഴെ ഗര്‍ഭിണികളില്‍ മാത്രമേ കണ്ടുവരുന്നുള്ളൂ. ലൂപസ്‌ രോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നത്‌ ഉയര്‍ന്ന റിസ്‌ക്‌ ആയാണ്‌ കണക്കാക്കപ്പെടുന്നത്‌. ഗര്‍ഭം അലസുക, ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിനുമുമ്പ്‌ പ്രസവിക്കുക, വളരെ പെട്ടെന്ന്‌ രക്തസമ്മര്‍ദ്ദം കൂടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ ഉണ്ട്‌. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ശരിയായ ചികിത്സ നടത്തിയാല്‍ ഗര്‍ഭകാലം പ്രശ്‌നങ്ങളില്ലാതെ സുരക്ഷിതമായിരിക്കും. ഡോക്ടറെ കൃത്യമായ ഇടവേളകളില്‍ കണ്ട്‌ കുട്ടിയുടെ വളര്‍ച്ച, വൃക്ക, കരള്‍ എന്നിവയ്‌ക്ക്‌ എന്തെങ്കിലും തകരാര്‍ ഉണ്ടോ എന്നു പരിശോധിക്കുകയും രോഗം കൂടുതലായാല്‍ പെട്ടെന്നുതന്നെ ചികിത്സ നടത്തുകയുംവേണം.

ഗര്‍ഭിണി ആകുന്നതിനുമുമ്പേ കൗണ്‍സിലിംഗിനു വിധേയരാവുകയും വാതരോഗ വിദഗ്‌ധന്‍, പ്രസവ ചികിത്സാ വിദഗ്‌ധര്‍, ശിശുക്കളിലെ ഹൃദ്രോഗ വിദഗ്‌ധന്‍ എന്നിവരുടെ സംയുക്തമായ ഉപദേശം തേടുകയും ചെയ്യുന്നത്‌ വിജയകരമായി ഗര്‍ഭകാലം പിന്നിടാന്‍ സഹായിക്കും. കോഴിക്കോട്‌ ആസ്‌റ്റര്‍ മിംസ്‌ 150-ല്‍ അധികം വനിതകളില്‍ വിജയകരമായി ലൂപസ്‌ ചെന്നായയെ പിടിച്ചു കെട്ടാന്‍ സഹായിച്ചിട്ടുണ്ട്‌. സുരക്ഷിതമായും സന്തോഷത്തോടെയും ഗര്‍ഭകാലം പിന്നിടാന്‍ ഇതുവഴി അവര്‍ക്കു കഴിഞ്ഞു.