Breaking News

Trending right now:
Description
 
May 17, 2016

സംസ്ഥാനത്ത്‌ 77.35 ശതമാനം പോളിങ്‌; ഫലം 19ന്‌

image സംസ്ഥാനത്ത്‌ രണ്ടര മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്‌തത്‌ 77.35 ശതമാനം പേര്‍. തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട അന്തിമ കണക്കാണിത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിങ്‌ 2.24 ശതമാനം കൂടുതലാണ്‌. 2011-ല്‍ 75.11 ശതമാനമായിരുന്നു പോളിങ്‌. 19ന്‌ രാവിലെ 11മണിയോടെ കേരളം ആരു ഭരിക്കുമെന്നതിനു തീരുമാനമാകും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായതൊഴിച്ച്‌ വോട്ടെടുപ്പ്‌ പൊതുവേ സമാധാനപരമായിരുന്നു. പലസ്ഥലങ്ങളിലും വോട്ടെടുപ്പ്‌ എഴുമണി കഴിഞ്ഞും തുടര്‍ന്നതിനാല്‍ രാത്രി വൈകിയാണ്‌ അന്തിമ കണക്ക്‌ കമ്മീഷന്‍ ലഭ്യമാക്കിയത്‌. വൈകുന്നേരം ആറിന്‌ വോട്ടെടുപ്പ്‌ സമയം അവസാനിച്ചപ്പോള്‍ വോട്ടിംഗ്‌ കേന്ദ്രത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തവണ വാശിയേറിയ പ്രചരണമാണ്‌ നടന്നത്‌. അതിനാല്‍ പോളിങ്‌ ശതമാനം ഉയരുമെന്ന്‌ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പോളിങ്‌ ശതമാനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയര്‍ന്നില്ല. എല്‍ഡിഎഫിനും യുഡിഎഫിനും പുറമേ ബിജെപിയും ബിഡിജെഎസും കൂടി കാട്ടിയ വീറും വാശിയും എല്ലാ ജില്ലകളിലും വോട്ടെടുപ്പിലും പ്രകടമായി. കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലായി കള്ളവോട്ട്‌ ചെയ്യാനെത്തിയ മൂന്നുപേര്‍ അറസ്റ്റിലായി.

വോട്ടെടുപ്പ്‌ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 28.40 ശതമാനം പോളിങ്‌ സംസ്ഥാനത്തു രേഖപ്പെടുത്തിയിരുന്നു. ജില്ലകളില്‍ കോഴിക്കോടാണ്‌ മുന്നില്‍-86.76 ശതമാനം. 71.66 ശതമാനം പേര്‍ വോട്ട്‌ ചെയ്‌ത പത്തനംതിട്ട ജില്ലയാണ്‌ ഏറ്റവും പിന്നില്‍. മുന്നണികള്‍ക്കെല്ലാം പ്രതീക്ഷനല്‍കികൊണ്ട്‌ ത്രികോണമത്സരം നടന്ന സ്ഥലങ്ങളില്‍ പോളിങ്‌ ശതമാനം ഉയര്‍ന്നിട്ടുണ്ട്‌. മറ്റുജില്ലകളിലെ വോട്ടിങ്‌ ശതമാനം: തിരുവനന്തപുരം 72.53, കൊല്ലം 75.7, ആലപ്പുഴ 79.88, കോട്ടയം 76.9, ഇടുക്കി 73.59, എറണാകുളം 79.77, തൃശൂര്‍ 77.74, പാലക്കാട്‌ 78.37, മലപ്പുറം 75.81, വയനാട്‌ 78.22, കണ്ണൂര്‍ 80.63, കാസര്‍ഗോഡ്‌ 78.51. പ്രശ്‌ന സാധ്യത കണക്കിലെടുത്ത്‌ വന്‍സുരക്ഷാ സംവിധാനങ്ങളും മുന്‍കരുതലുകളും ഒരുക്കിയായിരുന്നു തിരഞ്ഞെടുപ്പ്‌. പലയിടത്തും വോട്ടിങ്‌ യന്ത്രങ്ങള്‍ 15 മുതല്‍ 30 മിനിട്ടുവരെ തടസപ്പെട്ടെങ്കിലും അതൊക്കെ പരിഹരിക്കപ്പെട്ടു. പാലക്കാട്ട്‌ ചിറ്റൂരില്‍ ജനതാദള്‍ എസ്‌ പ്രവര്‍ത്തകരും സഹോദരങ്ങളുമായ സന്തോഷ്‌, സാജന്‍ എന്നിവര്‍ക്ക്‌ സംഘര്‍ഷത്തില്‍ വെട്ടേറ്റു. കണ്ണൂര്‍ തലശേരിയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി എ.പി.അബ്ദുല്ലക്കുട്ടിയെ കയ്യേറ്റം ചെയ്‌തു. കൊല്ലം ചവറയില്‍ സംഘര്‍ഷം തടയാനെത്തിയ പൊലീസുകാരന്‍ ഷിബുവിന്‌ കല്ലേറില്‍ പരുക്കേറ്റു. നെടുങ്കണ്ടം കൂട്ടാറില്‍ ബിഡിജെഎസ്‌ - എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബിഡിജെഎസ്‌ ഓഫിസ്‌ ഒരുസംഘം ആളുകള്‍ ആക്രമിച്ചു നാശംവരുത്തി.