Breaking News

Trending right now:
Description
 
May 16, 2016

യുഡിഎഫ്‌ മികച്ച വിജയം നേടുമെന്ന്‌ ഉമ്മന്‍ചാണ്ടി; ഇടതു തരംഗമെന്ന്‌ വിഎസ്‌

image നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ മികച്ച വിജയം നേടുമെന്നും ബിജെപി സംസ്ഥാനത്ത്‌ അക്കൗണ്ട്‌ തുറക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും വ്യക്തമാക്കി. പുതുപ്പള്ളിയില്‍ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ്‌ മുഖ്യമന്ത്രി വോട്ട്‌ ചെയ്‌തത്‌. അതേസമയം, സംസ്ഥാനത്ത്‌ ഇടതു തരംഗമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ വ്യക്തമാക്കി. അതേസമയം, കനത്ത മഴയിലും ഉണ്ടാകുന്ന മികച്ച പോളിംഗ്‌ യുഡിഎഫിന്‌ നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ്‌ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. തുടക്കം മുതല്‍ തന്നെ ഈ ആത്മവിശ്വാസം തങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ്‌ സര്‍ക്കാരിന്റെ വികസനവും കരുതലും ജനങ്ങള്‍ സ്വീകരിച്ചു. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും മികച്ച വിജയത്തിന്‌ പ്രതീക്ഷ നല്‍കുന്നുണ്ട്‌. 80 ശതമാനം പോളിംഗ്‌ കടക്കുമെന്നാണ്‌ പ്രതീക്ഷ. ആര്‍എംപി നേതാവ്‌ കെ.കെ.രമയ്‌ക്കെതിരേ സിപിഎം നടത്തിയ ആക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്‌. അക്രമ രാഷ്‌ട്രീയത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്‌ പുതിയ ചരിത്രം ഉണ്ടാകാന്‍ പോകുന്നുവെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ. ആന്റണ പറഞ്ഞു. അഞ്ചു വര്‍ഷം ഒരു മുന്നണി, അടുത്ത അഞ്ചു വര്‍ഷം വേറൊരു മുന്നണി എന്നിങ്ങനെയാണ്‌ കേരളത്തില്‍ ഇതുവരെ കണ്ടിരുന്നത്‌. എന്നാല്‍ ആ ചരിത്രം തിരുത്തി യുഡിഎഫ്‌ ഇത്തവണ ഭരണം നിലനിര്‍ത്തുമെന്നും തിരുവനന്തപുരം ജഗതിയില്‍ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ്‌ യുഡിഎഫ്‌ നേടും. അക്രമത്തിനും വര്‍ഗീയതക്കെതിരേയുമായിരിക്കും ജനങ്ങള്‍ വോട്ട്‌ രേഖപ്പെടുത്തുകയെന്നും ഏ.കെ.ആന്റണി അഭിപ്രായപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത്‌ ഇടതു തരംഗമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. വോട്ടെടുപ്പ്‌ ദിവസത്തെ മഴ ശുഭ സൂചനയാണ്‌. എല്‍ഡിഎഫിന്‌ അനുകൂല അന്തരീക്ഷമാണുള്ളത്‌. കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഡ്‌ഢിത്തം പറയുകയാണ്‌. അത്‌ തന്നെ ആവര്‍ത്തിച്ച്‌ പറയുകയാണെന്നും മലമ്പുഴയിലെ വിവിധ പോളിംഗ്‌ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷം വിഎസ്‌ പറഞ്ഞു. തി രഞ്ഞെടുപ്പില്‍ അഴിമതിക്കും സ്‌ത്രീകള്‍ക്കെതിരായ അതിക്രമത്തിനും എതിരേ ജനം വോട്ട്‌ ചെയ്യുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. വോട്ട്‌ രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീ സുരക്ഷയ്‌ക്ക്‌ ഒരു പ്രാധാന്യവും കല്‍പ്പിക്കാത്ത സര്‍ക്കാരിനെതിരേ ജനം വിധിയെഴുതും. ബിജെപിയുടെ വര്‍ഗീയ അജണ്ട കേരളത്തില്‍ വോട്ടര്‍മാര്‍ അനുവദിക്കില്ല. കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച പ്രധാനമന്ത്രിക്കും ജനം മറുപടി നല്‍കുമെന്നും കേരളത്തില്‍ താമര വിരിയില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.