Breaking News

Trending right now:
Description
 
May 16, 2016

സ്‌മാര്‍ട്ട്‌ സിറ്റിയില്‍ തൊഴിലവസരങ്ങളുമായി അമേരിക്കന്‍ കമ്പനി വരുന്നു

image കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റിയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുമായി അമേരിക്കന്‍ കമ്പനി വരുന്നു. എണ്ണ വാതക ഊര്‍ജ്ജരംഗത്ത്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനിയായ ഡിജിറ്റല്‍ എനര്‍ജിയാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയില്‍ എത്തുന്നത്‌. ഇതുവഴി 10,000 പേര്‍ക്ക്‌ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ദുബായില്‍ ഞായറാഴ്‌ച ചേര്‍ന്ന്‌ സ്‌മാര്‍ട്ട്‌ സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിരുന്നു. സ്‌മാര്‍ട്ട്‌ സിറ്റിയുടെ രണ്ടാംഘട്ടത്തിലുള്ള ഡിജിറ്റല്‍ എനര്‍ജി ക്ലസ്‌റ്റര്‍ വിഭാഗത്തിലെ ആദ്യ കമ്പനിയായിരിക്കും അമേരിക്കന്‍കമ്പനി. നാലര ഏക്കര്‍ സ്ഥലത്ത്‌ 7.6 ലക്ഷം ചതുരശ്ര അടി സ്ഥലമാണ്‌ ഇതിനായി മാറ്റിവച്ചിരിക്കുന്നത്‌. രണ്ടുവര്‍ഷത്തിനകം അമേരിക്കന്‍കമ്പനി പ്രവര്‍ത്തനം ആരംഭിക്കും. എണ്ണ, സൗരോര്‍ജ്ജം, മറ്റു പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കാണ്‌ പ്രവര്‍ത്തന സൗകര്യം ഒരുക്കിക്കൊടുക്കുന്നത്‌. ഊര്‍ജ്ജ രംഗത്തെ വമ്പന്‍ കമ്പനികളായ ബേക്കര്‍ ഹ്യൂസ്‌, ഹാലിബെര്‍ട്ടന്‍ തുടങ്ങിയവയുമായി ചര്‍ച്ച നടക്കുകയാണെന്നു കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി എംഡി ബാജു ജോര്‍ജ്‌ വ്യക്തമാക്കി. സാങ്കേതിക വിദ്യാ പരിശീലന കേന്ദ്രങ്ങള്‍, ഡിജിറ്റല്‍ ടെക്‌നോളജി ലാബുകള്‍, ക്ലൗഡ്‌ അധിഷ്‌ഠിത സേവനകേന്ദ്രങ്ങള്‍, എന്‍ജിനീയറിങ്‌ സേവനകേന്ദ്രങ്ങള്‍, ഓപ്പറേഷന്‍സ്‌ സപ്പോര്‍ട്ട്‌ സെന്ററുകള്‍ തുടങ്ങിയവും ലക്ഷ്യമാക്കുന്നുണ്ട്‌. 2020 മാര്‍ച്ച്‌ 31നു മുമ്പ്‌ പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനികള്‍ക്കു മാത്രമേ പ്രത്യേക സാമ്പത്തികമേഖലയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ദുബായില്‍ 2020ല്‍ നടക്കുന്ന വേള്‍ഡ്‌ എക്‌സ്‌പോയില്‍ ദിബായ്‌ സ്‌മാര്‍ട്ട്‌ സിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റിയുടെ പവിലിയനുണ്ടാകും. ലോകത്തിനു മുമ്പില്‍ കേരളത്തെ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിട്ടാണ്‌ ഇതു വിനിയോഗിക്കുകയെന്നു ബാജു ജോര്‍ജ്‌ വ്യക്തമാക്കി.