Breaking News

Trending right now:
Description
 
May 16, 2016

സംസ്ഥാനത്ത്‌ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്‌: ഒരാള്‍ കുഴഞ്ഞുവീണ്‌ മരിച്ചു

image കേരളത്തിന്റെ വിധിയെഴുത്ത്‌ ആരംഭിച്ചു. 14-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ രാവിലെ ഏഴിനു ആരംഭിച്ചു. വൈകിട്ട്‌ ആറുവരെ വോട്ട്‌ ചെയ്യുന്നതിന്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കനത്ത പോളിങ്‌ നടന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒമ്പതുമണിവരെ 13 ശതമാനമാണ്‌ പോളിങ്‌. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പോളിംഗ്‌ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്‌. തെക്കന്‍ കേരളത്തിന്റെ പല ഭാഗത്തും രാവിലെ മഴ പെയ്‌തെങ്കിലും പോളിംഗിനെ ബാധിച്ചിട്ടില്ല. തിരുവനന്തപുരത്ത്‌ മാത്രമാണ്‌ പോളിംഗ്‌ മന്ദഗതിയില്‍ പുരോഗമിക്കുന്നത്‌. തീരദേശ മേഖലകളിലും രാവിലെ കനത്ത പോളിംഗാണ്‌ രോഖപ്പെടുത്തുന്നത്‌. പ്രമുഖരെല്ലാം രാവിലെ തന്നെ എത്തി വോട്ട്‌ രേഖപ്പെടുത്തി. സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഗവര്‍ണര്‍ പി.സദാശിവം, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, കെ.ബാബു, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി എസ്‌.ശ്രീശാന്ത്‌, സുരേഷ്‌ ഗോപി എംപി, മുസ്ലിംലീഗ്‌ സംസ്‌ധാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട്‌ ചെയ്‌തു. പിണറായി വിജയന്‍ കുടുംബസമേതമാണ്‌ എത്തിയത്‌. കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിംഗാണ്‌ രേഖപ്പെടുത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. ചിലയിടങ്ങളില്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ക്ക്‌ തകരാര്‍ ഉണ്ടായെങ്കിലും വേഗംതന്നെ പരിഹരിച്ചു. 2.60 കോടി വോട്ടര്‍മാരാണ്‌ ഇന്നു വിധിയെഴുതുന്നത്‌. ഇതില്‍ 1.35 കോടി സ്‌ത്രീകളും 1.25 കോടി പുരുഷന്മാരുമാണ്‌. 2011ലേക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്‌.

ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കോഴിക്കോട്‌ പേരാമ്പ്രയില്‍ വോട്ട്‌ ചെയ്യാന്‍ ക്യൂ നിന്ന ഒരാള്‍ കുഴഞ്ഞു വീണ്‌ മരിച്ചു. കൈയ്‌താംപൊയിലില്‍ കുഞ്ഞബ്‌ദുള്ള ഹാജി(70) ആണ്‌ മരിച്ചത്‌. പേരാമ്പ്ര സികെജി കോളജ്‌ പോളിംഗ്‌ ബൂത്തിലാണ്‌ സംഭവം. അതേസമയം, 119 ബൂത്തുകള്‍ നക്‌സല്‍ഭീഷണിയുണ്ടെന്നാണ്‌ വിലയിരുത്തിയിട്ടുളളത്‌. മലപ്പുറം, വയനാട്‌, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിലാണ്‌ നക്‌സല്‍ഭീഷണി. കണ്ണൂര്‍ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്‌. ഇവിടെ സംഘര്‍ഷസാധ്യതയും കളളവോട്ടും തടയാന്‍ അതീവ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. കേന്ദ്രസേന ഉദ്യോഗസ്ഥര്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചശേഷം മാത്രമാകും കണ്ണൂരിലെ പോളിംഗ്‌ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കുക. കള്ളവോട്ട്‌ തടയുന്നതിനായി വോട്ട്‌ ചെയ്യാന്‍ എത്തുന്നവരുടെയെല്ലാം വീഡിയോയും ഫോട്ടോയും എടുക്കാനും തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. 26724 കണ്‍ട്രോള്‍യൂണിറ്റും 34252 ബാലറ്റ്‌ യൂണിറ്റുമാണ്‌ വോട്ടിനായി ക്രമീകരിച്ചിട്ടുള്ളത്‌. ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതാണ്‌ ഇത്തവണത്തെ പ്രത്യേകത. 12 മണ്ഡലങ്ങളില്‍ വി.വി.പാറ്റ്‌ യന്ത്രങ്ങളുമുണ്ട്‌. ഇതില്‍ വോട്ട്‌ രേഖപ്പെടുത്തിയത്‌ ആര്‍ക്കാണെന്ന്‌ വോട്ടര്‍മാര്‍ക്ക്‌ കാണാനാവും.

കേരള ഭരണം ആര്‍ക്കെന്നു ജനം ഇന്നു തീരുമാനിക്കുമ്പോള്‍ നെഞ്ചിടിപ്പ്‌ ഉള്ളിലൊതുക്കുകയാണ്‌ മുന്നണികള്‍. മികച്ച ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്താനാകുമെന്ന്‌ യുഡിഎഫ്‌ പ്രതീക്ഷിക്കുമ്പോള്‍ ഭൂരിപക്ഷം നേടി ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ്‌ എല്‍ഡിഎഫ്‌ പ്രതീക്ഷ. കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാനാകുമെന്നാണു ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രതീക്ഷ. എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ഇന്നു വൈകിട്ട്‌ 6.30 മുതല്‍ സംപ്രേക്ഷണം ചെയ്യും. ഇന്നു പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്നാണ്‌ വോട്ടെടുപ്പ്‌. വ്യാഴാഴ്‌ച ഉച്ചയോടെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരും.