Breaking News

Trending right now:
Description
 
May 16, 2016

കണ്ണൂരില്‍ വോട്ടെടുപ്പ്‌ കനത്ത സുരക്ഷാവലയത്തില്‍

image കണ്ണൂരില്‍ ഇത്തവണ വോട്ടെടുപ്പ്‌ കനത്ത സുരക്ഷാ സംവിധാനത്തോടെയാണ്‌ നടക്കുന്നത്‌. ജില്ലയിലെ 1042 പ്രശ്‌നബാധിതാ ബൂത്തുകളില്‍ കേന്ദ്രസേന ഉള്‍പ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്‌. അക്രമവും കള്ളയോട്ടും തടയുകയാണ്‌ ലക്ഷ്യം. വോട്ട്‌ ചെയ്യാന്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ബൂത്തിന്റെ ചുമതലയുള്ള കേന്ദ്ര സേനാംഗങ്ങള്‍ പരിശോധിച്ച ശേഷമാണ്‌ പോളിംഗ്‌ ബൂത്തിലേക്കു പ്രവേശിപ്പിക്കുന്നത്‌. കണ്ണൂരിലെ വോട്ടിങ്‌ ക്രമക്കേടുകളെക്കുറിച്ച്‌ രാഷ്ട്രീയകക്ഷികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ നടപടികളെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഇ.കെ.മാജി വ്യക്തമാക്കി. ഓണ്‍ലൈന്‍ വെബ്‌കാസ്റ്റിംഗ്‌ സംവിധാനവും വോട്ടര്‍മാരുടെ എല്ലാം ചിത്രങ്ങള്‍ പകര്‍ത്താനുള്ള ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. മറ്റു സംസ്ഥാനങ്ങളിലെ 17 ഐപിഎസ്‌ ഉദ്യോഗസ്ഥരാണ്‌ ഇവിടെ തിരഞ്ഞെടുപ്പു നിരീക്ഷകരായി എത്തുന്നത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു നിരീക്ഷകരായി എത്തുന്നതും സംസ്ഥാനത്ത്‌ ആദ്യമാണ്‌. തിരഞ്ഞെടുപ്പിന്റെ ഓരോ മണിക്കൂറും പോളിംഗ്‌ സ്റ്റേഷനുകളില്‍നിന്നു പ്രത്യേകം റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. കലക്ടറുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഈ കേന്ദ്രങ്ങളില്‍ ഓരോ മണിക്കൂറിലും വോട്ടുചെയ്‌തവരുടെ എണ്ണം പരിശോധിക്കും. ഒരുമണിക്കൂറില്‍ 120 വോട്ടില്‍ കൂടുതല്‍ പോള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ സൂക്ഷ്‌മ പരിശോധന നടത്താനാണ്‌ കമ്മീഷന്റെ തീരുമാനം.