Breaking News

Trending right now:
Description
 
May 15, 2016

പരസ്യപ്രചരണത്തിന്‌ കൊടിയിറക്കം; കേരളം നാളെ ബൂത്തിലേക്ക്‌

image സംസ്ഥാനത്ത്‌ രണ്ടരമാസത്തോളം നീണ്ട പരസ്യപ്രചരണത്തിന്‌ കൊടിയിറങ്ങി. ഇന്ന്‌ നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. കേരളം ആരു ഭരിക്കുമെന്നത്‌ 2.61 കോടി വോട്ടര്‍മാര്‍ നാളെ തീരുമാനിക്കും. വ്യാഴാഴ്‌ച ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്നത്‌ വ്യക്തമാകും. കലാശക്കൊട്ട്‌ ഏറെ വാശിയേറിയതായിരുന്നു. ചിലയിടങ്ങളില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്‌. വാക്‌ പോരിലൂടെ നേതാക്കാള്‍ പരസ്യപ്രചരണത്തിന്റെ അവസാനമണിക്കൂറുകളും കത്തിക്കയറുകയായിരുന്നു. തങ്ങള്‍ വന്‍വിജയം നേടുമെന്നു പ്രധാന മുന്നണികള്‍ അവകാശപ്പെടുമ്പോഴും നേതാക്കളുടെ ഉള്ളുനിറയെ തീയാണ്‌. സ്വതന്ത്രര്‍ നിര്‍ണായകമാകുന്ന അപൂര്‍വം മണ്ഡലങ്ങള്‍ ചതുഷ്‌കോണ പോരാട്ടത്തിനും വേദിയായിട്ടുണ്ട്‌. നിരവധി മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്നതിനാല്‍ ഏതു മുന്നണി അധികാരത്തിലെത്തുമെന്നു പ്രവചിക്കാന്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ക്കു പോലുമാകാത്ത സ്ഥിതിയാണുള്ളത്‌. ബിജെപി-ബിഡിജെഎസ്‌ അക്കൗണ്ട്‌ തുറക്കില്ലെന്ന വാദം യുഡിഎഫ്‌, എല്‍ഡിഎഫ്‌ നേതൃത്വങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 28.71 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്‌. വ്യക്തമായ രാഷ്ട്രീയമില്ലാത്തവരും പുതിയ വോട്ടര്‍മാരും ആര്‍ക്കൊപ്പമെന്നു നിര്‍വചിക്കാനാവില്ല.

140 നിയോജക മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്‌. ഇവരില്‍ 109 പേര്‍ വനിതകളാണ്‌. യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും മത്സരരംഗത്തു സജീവമാണ്‌. 21,498 പോളിംഗ്‌ സ്റ്റേഷനുകളാണു തയാറാക്കിയിട്ടുള്ളത്‌. 1,233 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ്‌ പൊലീസിന്റെ റിപ്പോര്‍ട്ട്‌. ഇവിടെ കേന്ദ്രസേനയെ വിന്യസിച്ചുകഴിഞ്ഞു. ഇന്റര്‍നെറ്റ്‌ സംവിധാനമുള്ള 3,142 ബൂത്തുകളില്‍ വെബ്‌ കാസ്‌റ്റിംഗ്‌ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. മറ്റിടങ്ങളില്‍ വീഡിയോ റിക്കാര്‍ഡിംഗ്‌ അടക്കമുള്ള സംവിധാനങ്ങളുമുണ്ട്‌. കള്ളവോട്ട്‌ തടയാനും വിപുലമായ സജ്ജീകരണമാണ്‌ ഒരുക്കിയിട്ടുള്ളത്‌. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണു വോട്ടെടുപ്പ്‌. നാളെ വോട്ടെടുപ്പ്‌ നടക്കുന്ന തമിഴ്‌നാട്‌, പുതുച്ചേരി, എന്നിവിടങ്ങളിലും പരസ്യപ്രചരണം ഇന്നലെ സമാപിച്ചു. ഇവയ്‌ക്കൊപ്പം അസം, ബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ വ്യാഴാഴ്‌ചയാണ്‌.