Breaking News

Trending right now:
Description
 
Jan 03, 2013

മരുന്ന്‌ പരീക്ഷണങ്ങള്‍ക്ക്‌ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി

image മരുന്ന്‌ പരീക്ഷണങ്ങള്‍ക്കു സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അനുമതിയില്ലാതെ മരുന്ന്‌ പരീക്ഷണം നടത്തരുതെന്നും കോടതി ഉത്തരവിട്ടു. മരുന്നു പരീക്ഷണം സംബന്ധിച്ചു സുപ്രീം കോടതി ഏഴു മാസങ്ങള്‍ക്കു മുമ്പു നല്‍കിയ ഉത്തരവില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണു കോടതി ഇടപെടല്‍. മരുന്ന്‌ പരീക്ഷണങ്ങള്‍ മനുഷ്യ സമൂഹത്തിന്‌ നാശം വിതയ്‌ക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. മരുന്ന്‌ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പാലിക്കപ്പെടേണ്ട ചില നടപടിക്രമങ്ങളും നിയമപരമായ കാര്യങ്ങളുമുണ്ട്‌. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വിസ്‌മരിച്ചുവെന്നും ജസ്റ്റീസ്‌ ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച്‌ കുറ്റപ്പെടുത്തി. മരുന്നു പരീക്ഷണങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതും മാനദണ്ഡങ്ങള്‍ തീരുമാനിക്കേണ്ടതുമായ സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെതിരേ രൂക്ഷമായ വിമര്‍ശനമാണ്‌ കോടതി നടത്തിയത്‌. ഈ സ്ഥാപനം പരിപൂര്‍ണമായി നിര്‍ജീവമാണെന്നു കോടതി കുറ്റപ്പെടുത്തി. മരുന്നു പരീക്ഷണം സംബന്ധിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്‌ പരിഗണിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. കമ്പനികള്‍ ചട്ടങ്ങള്‍ മറികടന്ന്‌ റാക്കറ്റുകളെ സൃഷ്ടിക്കുകയാണ്‌. രാജ്യത്തെ കുട്ടികളെ ഗിനിപ്പന്നികളെ പോലെ കമ്പനികള്‍ പരിഗണിക്കുന്നതു തങ്ങളെ വേദനിപ്പിക്കുന്നു. മരുന്നു പരീക്ഷണം സംബന്ധിച്ചു സര്‍ക്കാര്‍ നടപടി സസൂഷ്‌മം നിരീക്ഷിക്കുമെന്നും ഡിവിഷന്‍ ബെഞ്ച്‌ അറിയിച്ചു.