Breaking News

Trending right now:
Description
 
May 14, 2016

സംസ്ഥാനത്ത്‌ ഇന്ന്‌ കലാശക്കൊട്ട്‌; നാളെ നിശബ്ദ പ്രചാരണം

image രണ്ടര മാസത്തോളം നീണ്ട നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ സംസ്ഥാനത്ത്‌ ഇന്നു കൊട്ടിക്കലാശത്തോടെ സമാപനം. അഴിമതിയും അക്രമരാഷ്ട്രീയവും വര്‍ഗീയതയും ബിജെപി ബാന്ധവവും ജിഷാവധവും ഒടുവില്‍ പ്രധാനമന്ത്രിയുടെ സൊമാലിയ പ്രയോഗവും ഉള്‍പ്പെടെ വിഷയങ്ങള്‍ മാറിമറിഞ്ഞ പ്രചാരണവേദിക്കാണ്‌ കൊടിയിറക്കം. തിരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുടെ തെളിവുകൈമാറ്റവും നടന്നു. ഇന്നു വൈകിട്ട്‌ ആറിന്‌ പരസ്യപ്രചാരണം അവസാനിക്കും. നേതാക്കളുടെ റോഡ്‌ ഷോയും കലാശക്കൊട്ടുമായി അവേശഭരിതമായിരിക്കും അന്ത്യനിമിഷങ്ങള്‍. റോഡ്‌ ഷോയും പ്രകടനങ്ങളും സമാധാനപരമായി നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ രാഷ്‌ട്രീയകക്ഷികളുടെ സഹകരണം ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന്‌ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പൊലീസിനെ ഇതിനായി നിയമിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച വോട്ടിനായുള്ള നിശബ്ദ പ്രചരണമാണ്‌. തിങ്കളാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. ഈ തിരഞ്ഞെടുപ്പോടെ ബിജെപി അക്കൗണ്ട്‌ തുറക്കുമോ എന്ന ചോദ്യവും രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ട്‌.

ദൈര്‍ഘ്യമേറിയ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപനദിനം ദേശീയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സജീവമായുണ്ടാകും. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനി, ജെ.പി. നഡ്ഡ തുടങ്ങിയ നേതാക്കളുടെ നിര റോഡ്‌ ഷോ ഉള്‍പ്പെടെയുള്ള പരിപാടികളുമായി ഇന്നു തിരുവനന്തപുരം ജില്ലയെ ഇളക്കിമറിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്താണ്‌ അവസാനദിനം പ്രചാരണത്തിനിറങ്ങുക. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട്‌ യുഡിഎഫ്‌ കളത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയും ഭരണം തിരിച്ചുപിടിക്കാന്‍ സര്‍വ അടവുകളും പയറ്റുകയാണ്‌ ഇടതുമുന്നണി. മൂന്നാം ശക്തിയായി സ്വാധീനമുറപ്പിക്കാന്‍ എന്‍ഡിഎയും ശക്തമായി രംഗത്തുവന്നതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു മത്സരം കടുത്തു. കഴിഞ്ഞതവണ 72 സീറ്റ്‌ നേടിയ യുഡിഎഫ്‌ 75-80 സീറ്റുകളാണ്‌ ഇത്തവണ പ്രതീക്ഷിക്കുന്നത്‌. 2011ല്‍ 68 സീറ്റ്‌ നേടിയ എല്‍ഡിഎഫ്‌ 80-ല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ്‌. കവലപ്രസംഗങ്ങളെക്കാള്‍ സമൂഹമാധ്യമങ്ങളിലൂടെ നേതാക്കള്‍ വാക്‌ പോരിനു തുനിഞ്ഞ തിരഞ്ഞെടുപ്പ്‌ എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്‌ത വികസനത്തിനും അതിന്റെ തുടര്‍ച്ചയ്‌ക്കുമുള്ള വോട്ടാണ്‌ യുഡിഎഫ്‌ അഭ്യര്‍ഥിക്കുന്നത്‌. വികസനത്തിന്റെ പേരില്‍ നടത്തിയ അഴിമതിയുടെ കൊടി പിഴുതുമാറ്റാനും തുല്യനീതിക്കും വികസനത്തിനും വര്‍ഗീയതയ്‌ക്ക്‌ എതിരേയും വോട്ട്‌ തരാന്‍ എല്‍ഡിഎഫ്‌ ആഭ്യര്‍തിക്കുന്നു. ഇരുമുന്നണികളും മാറിമാറിഭരിച്ച കേരളത്തെ കരകയറ്റുന്നതിനാണ്‌ ബിജെപി വോട്ട്‌ അഭ്യര്‍ഥിച്ചിരിക്കുന്നത്‌.