Breaking News

Trending right now:
Description
 
May 13, 2016

പ്രധാനമന്ത്രിയ്‌ക്കെതിരെ നിയമനപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി

image തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അതു തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിയമനടപടികള്‍ ആലോചിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരഞ്ഞൈടുപ്പു പ്രചാരണവേദിയില്‍ നടത്തിയ പരാമര്‍ശമായതിനാല്‍ തിരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ചാകും നടപടി. ഇതു സര്‍ക്കാര്‍ തലത്തില്‍വേണോ അതോ പാര്‍ട്ടിതലത്തില്‍വോണേ എന്ന കാര്യവും നിയമവിദഗ്‌ധരുമായി ആലോചിച്ചു തീരുമാനിക്കും. ബിജെപി തിരഞ്ഞെടുപ്പില്‍ അക്കൗണ്ട്‌ തുറക്കില്ലെന്നും മുഖ്യമന്ത്രി എറണാകുളം പ്രസ്‌ ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മോദി ഭരിച്ച ഗുജറാത്തുമായും ദേശീയ ശരാശരിയുമായും തട്ടിച്ചുനോക്കിയാല്‍ എല്ലാത്തരം വികസനസൂചികകളിലും കേരളം ഏറെ മുന്നിലാണ്‌. തെറ്റായ പരാമര്‍ശം തിരുത്താന്‍ പ്രധാനമന്ത്രി തയാറാകാതിരുന്നതു ഖേദകരമാണ്‌. തൃപ്പൂണിത്തുറയിലെ പ്രസംഗത്തില്‍ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ മൗനം കേരളത്തെ ഞെട്ടിച്ചു. പേരാവൂരില്‍ ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷണമാക്കിയെന്ന പേരില്‍ പത്രത്തില്‍ വന്ന ചിത്രവും വാര്‍ത്തയും വസ്‌തുതാവിരുദ്ധമാണ്‌. പൊലീസും പട്ടികജാതി കമ്മീഷനും ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വസ്‌തുതകള്‍ വ്യക്തമാക്കി മോദിക്ക്‌ കത്ത്‌ അയച്ചിരുന്നു. തിരഞ്ഞെടുപ്പ്‌ ആയുധമായാണ്‌ അദ്ദേഹം തെറ്റായ പ്രസ്‌താവന നടത്തിയത്‌. ലോകമെങ്ങുമുള്ള മലയാളികളെ അപമാനിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന. രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്‌. ജിഷ വധക്കേസ്‌ അന്വേഷണം വൈകുന്നതില്‍ ആശങ്ക വേണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.