Breaking News

Trending right now:
Description
 
May 13, 2016

ലിബിയയില്‍നിന്നെത്തിയ നഴ്‌സുമാര്‍ പറയുന്നു ഇന്ത്യന്‍ എംബസി സഹായിച്ചില്ലെന്ന്‌

image ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ ദിവസങ്ങളോളം മരണം മുന്നില്‍കണ്ട്‌ നാട്ടില്‍ മടങ്ങിയെത്തിയ നഴ്‌സുമാര്‍ പറയുന്നു തങ്ങളെ ഇന്ത്യന്‍ എംബസി സഹായിച്ചില്ലെന്ന്‌. ഇതോടെ സംഭവം മറ്റൊരു വിവാദത്തിനു വഴിതെളിച്ചു. ലിബിയയില്‍നിന്ന്‌ ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ആറു മലയാളി കുടുംബങ്ങളുടേതാണ്‌ ഈ വെളിപ്പെടുത്തല്‍. ഇലക്ഷനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഇത്തരമൊരു വെളിപ്പെടുത്തല്‍ രാഷ്ട്രീയവത്‌കരിക്കപ്പെടുകയും ചെയ്‌തു. കഴിഞ്ഞദിവസം തൃപ്പൂണിത്തുറയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശവാദം ഉന്നയിച്ചിരുന്നു. ഈ അവകാശവാദമാണ്‌ പുതിയ വെളിപ്പെടുത്തലോടെ രാഷ്ട്രീയവത്‌ക്കരിക്കപ്പെട്ടത്‌. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ അല്‍സാവിയ പട്ടണത്തിലെ സാവിയ ആശുപത്രിയില്‍ ജോലിചെയ്‌തിരുന്ന നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളുമാണ്‌ മരണം മുന്നില്‍കണ്ട്‌ 47 ദിവസം അവിടെ കുടുങ്ങിയത്‌. സാവിയോ പട്ടണത്തിലെ സാവിയോ ആശുപത്രിയിലെ നഴ്‌സുമാരാണിവര്‍. ആശുപത്രിക്കു നേര്‍ക്ക്‌ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന്‌ തങ്ങള്‍ എംബസിയെ സമീപിച്ചിട്ടും വളരെ മോശം പ്രതികരണമാണ്‌ ഉണ്ടായതെന്നു നഴ്‌സുമാര്‍ പറയുന്നു.

സ്വന്തം കൈയിലെ പണം ചെലവഴിച്ചാണ്‌ നാട്ടിലെത്തിയത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്‌ നേരിട്ടുവിളിച്ചതെന്നു ഇവര്‍ വ്യക്തമാക്കുകയും ചെയ്‌തു. ലിബിയയില്‍നിന്നു മലയാളികളെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത്‌ ആരെന്നതിനെചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പോരും ഇതോടെ വര്‍ധിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട്‌ ഉപമിച്ചത്‌ വിവാദം ഉയര്‍ത്തിയതിനു പിന്നാലെയാണ്‌ പുതിയ വിവാദം ഉയര്‍ന്നിട്ടുള്ളത്‌. 18 മലയാളികളും 11 തമിഴ്‌നാട്ടുകാരും നാട്ടില്‍ തിരിച്ചെത്തിയത്‌. മലയാളികളായ ആറു ദമ്പതിമാരും അവരുടെ ആറു കുട്ടികളുമാണ്‌ കൊച്ചിയില്‍ ഇന്നലെ എത്തിയത്‌. തമിഴ്‌നാട്ടുകാര്‍ ചെന്നൈയിലേക്കു പോയി. ലിബിയയില്‍നിന്ന്‌ കൊച്ചിയില്‍ എത്തിയ സംഘത്തെ സ്വീകരിക്കാന്‍ നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ഓരോരുത്തര്‍ക്കും 2,000 രൂപ വീതം നല്‍കുകയും വീട്ടില്‍ പോകാന്‍ വാഹനം ക്രമീകരിക്കുകയും ചെയ്‌തു. മടങ്ങിയെത്തിയവര്‍ക്കു വിമാന ടിക്കറ്റിന്റെ തുക നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്‌.