Breaking News

Trending right now:
Description
 
May 12, 2016

ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ തിരിച്ചെത്തി

image ആഭ്യന്തര കലാപത്തില്‍പെട്ട്‌ ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ ഉള്‍പ്പെടെ 18 മലയാളികള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വ്യാഴാഴ്‌ച രാവിലെ എട്ടരയോടെയാണ്‌ മലയാളികളുടെ ആദ്യസംഘം എത്തിയത്‌. ലിബിയിലെ ട്രിപ്പോളിയില്‍ സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്‌ നഴ്‌സുമാര്‍. നോര്‍ക്ക ഇടപ്പെട്ട്‌ ഇസ്‌താംബൂള്‍ വഴി ദുബായിയില്‍ നിന്നും എമിറേറ്റ്‌സിന്റെ ഇ.കെ. 530 ഫളൈറ്റിലാണ്‌ ഇവരെ നെടുമ്പാശേരിയിലെത്തിച്ചത്‌. കൃത്യമായി ആഹാരവും വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ 47 ദിവസമായി ദുരിതത്തിലായിരുന്നുവെന്നു സംഘം അറിയിച്ചു. ലിബിയയില്‍നിന്ന്‌ എത്തുന്നവരെ സ്വീകരിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നതിനും നോര്‍ക്ക റൂട്ട്‌സ്‌ കൊച്ചി വിമാനത്താവളത്തില്‍ ഹെല്‍പ്‌ ഡസ്‌ക്‌ തുറന്നിട്ടുണ്ട്‌. തിരിച്ചെത്തുന്നവരുടെ യാത്രാച്ചെലവു സര്‍ക്കാരാണ്‌ വഹിക്കുന്നതെന്നു നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി. നെടുമ്പാശേരിയിലെത്തിയവര്‍ക്ക്‌ നോര്‍ക്ക 2,000 രൂപ വീതം ധനസഹായം നല്‍കി. നേരിട്ടു വിമാന ടിക്കറ്റ്‌ എടുക്കാന്‍ നോര്‍ക്ക ശ്രമം നടത്തിയെങ്കിലും ലിബിയന്‍ കറന്‍സിലുള്ള വിനിമയം നടക്കാത്തതിനാല്‍ ട്രിപ്പോളിയില്‍നിന്ന്‌ ഇസ്‌താംബൂളിലേക്കുള്ള ടിക്കറ്റ്‌ എടുക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന്‌ നഴ്‌സുമാര്‍ സ്വന്തം നിലയില്‍ ടിക്കറ്റ്‌ എടുക്കുകയായിരുന്നു. ടിക്കറ്റ്‌ നിരക്ക്‌ റീ ഇംബേഴ്‌സ്‌ചെയ്യും. ദുബായിലെത്തിയ സംഘത്തില്‍ 11 തമിഴ്‌നാട്‌ സ്വദേശികളുമുണ്ടായിരുന്നു. അവര്‍ ചെന്നൈയ്‌ക്കു യാത്രതിരിച്ചു.