Breaking News

Trending right now:
Description
 
May 12, 2016

ജിഷയുടെ മരണത്തെ വോട്ട്‌ ബാങ്കാക്കരുതെന്ന്‌ ജസ്‌റ്റീസ്‌ കെമാല്‍പാഷ

image പെരുമ്പാവൂരിലെ ജിഷയുടെ മരണം രാഷ്ട്രീയവല്‍ക്കരിച്ച്‌ വോട്ട്‌ ബാങ്കാക്കി മാറ്റരുതെന്ന ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റീസ്‌ കെമാല്‍പാഷ മുന്നറിയിപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ വിഷയമാക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്‌. അതോടൊപ്പം തെളിവുകളെക്കുറിച്ചുള്ള മാധ്യമ ചര്‍ച്ച അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അരക്ഷിതരായ സ്‌ത്രീകളും കുട്ടികളും എന്ന വിഷയത്തില്‍ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ മൂവ്‌മെന്റ്‌ സംഘടിപ്പിച്ച ചര്‍ച്ച കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ കൊലപാതകം തെളിയിക്കാന്‍ പൊലീസിനു സമയം നല്‍കണം. സംഭവത്തില്‍ ആരെയെങ്കിലും പ്രതിയാക്കുന്ന സാഹചര്യം ഉണ്ടാകരുത്‌. പൊലീസ്‌ അന്വേഷണത്തില്‍ മാധ്യമങ്ങള്‍ ഇടപെടരുത്‌. മാധ്യമങ്ങള്‍ സാക്ഷികളെ അഭിമുഖം നടത്തി അന്വേഷണത്തിന്റെ വഴി തിരിക്കുന്നതു ശരിയല്ല. മരം കയറാന്‍ കഴിവുള്ള കുരങ്ങന്‌ ഏണി ചാരിവച്ചു കൊടുക്കുന്നതിനു തുല്യമാണ്‌ തെളിവുകളെ സംബന്ധിച്ച ചര്‍ച്ച. എങ്ങനെയെങ്കിലും പ്രതിയെ കണ്ടെത്തുകയല്ല, യഥാര്‍ഥ പ്രതിയെ പിടികൂടുകയാണു പൊലീസ്‌ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റാന്വേഷണത്തിനു പൊലീസ്‌ ആധുനിക സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതില്‍ തെറ്റില്ലെന്നും ജസ്റ്റീസ്‌ വ്യക്തമാക്കി. ജിഷയെപ്പോലെ ഇനി ഒരു പെണ്‍കുട്ടിക്കും തലയിണയ്‌ക്കടിയില്‍ കത്തിയുമായി കിടന്നുറങ്ങേണ്ട സാഹചര്യമുണ്ടാകരുത്‌. ഇനിയും ജിഷമാരുണ്ടാകരുത്‌- ജസ്‌റ്റീസ്‌ കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു.