Breaking News

Trending right now:
Description
 
May 12, 2016

മലയാളികളെ അപമാനിച്ച മോദിക്കെന്തേ മൗനം: ഉമ്മന്‍ചാണ്ടി

image കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച്‌ മലയാളികളെ ഒന്നാകെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനമല്ല മലയാളികള്‍ക്ക്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദിക്കുള്ള തുറന്ന കത്തില്‍ സൊമാലിയയെ കേരളത്തോട്‌ ഉപമിച്ച പ്രസ്‌താവന പിന്‍വലിക്കണമെന്നു ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയില്‍ പ്രചാരണത്തിന്‌ എത്തിയ മോദി സൊമാലിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്‌ ഒന്നും പറയാതെയാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. ലോകമെങ്ങുമുള്ള മലയാളികളെ അപമാനിച്ച മോദി പ്രസ്‌താവന പിന്‍വലിക്കാതെ മടങ്ങിയതിനു പിന്നാലെ ഉമ്മന്‍ചാണ്ടി ഫേയ്‌സ്‌ ബുക്കില്‍ ഇങ്ങനെ കുറിച്ചു. മോദിയുടെ മൗനമല്ല മലയാളികള്‍ക്ക്‌ ആവശ്യം. കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാതെയാണ്‌ കൊച്ചിവിട്ടത്‌. കേരളത്തിലെ മാത്രമല്ല, ലോകത്തെയാകെ മലയാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്‌. ആ പ്രസ്‌താവനമൂലം ആത്മാഭിമാനത്തിനു മുറിവേറ്റ മലയാളികള്‍ പ്രധാനമന്ത്രിയില്‍നിന്നു പ്രതീക്ഷിച്ചത്‌ മൗനമായിരുന്നില്ല. മറിച്ച്‌ അപമാനകരമായ പ്രസ്‌താവന പിന്‍വലിച്ചുള്ള നരിപാധിക ഖേദപ്രകടനമായിരുന്നു. എന്നാല്‍ അതുണ്ടാകില്ല. ഇനിയെങ്കിലും അതുണ്ടാകുമെന്നാണ്‌ മലയാളികള്‍ പ്രതീക്ഷിക്കുന്നത്‌ എന്നു പറഞ്ഞുകൊണ്ടാണ്‌ കുറിപ്പ്‌ അവസാനിക്കുന്നത്‌. മാനവ വിഭവ സൂചികയില്‍ ഇന്ത്യയിലെതന്നെ ഒന്നാംസ്ഥാനത്താണ്‌ കേരളം. സാമ്പത്തിക വളര്‍ച്ചാനിരക്ക്‌, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയതിലെല്ലാം ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ്‌ കേരളം. ഇതിലെല്ലാംതന്നെ കേരളത്തെക്കാള്‍ വളരെ പിന്നിലാണ്‌ 19 വര്‍ഷം മോദി ഭരിച്ച ഗുജറാത്ത്‌. എന്നിട്ടും വസ്‌തുതാപരമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌, ലോകത്തെമ്പാടുമുള്ള മലയാളികളെ അപമാനിക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്‌തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.