May 11, 2016
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 80.94 ശതമാനം ജയം
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 80.94 ശതമാനം ജയം.
കഴിഞ്ഞവര്‍ഷം 83.96 ശതമാനമായിരുന്നു. ഈ വര്‍ഷം നേരിയതോതില്‍ മോഡറേഷന്
നല്‍കിയിട്ടും വിജയശതമാനം കുറഞ്ഞു. പരീക്ഷയെഴുതിയ 3,61,683
വിദ്യാര്‍ഥികളില്‍ 2,92,753 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 84.86
ശതമാനം പേര് വിജയിച്ച കണ്ണൂര്‍ ജില്ലയാണ് വിജയ ശതമാനത്തില്‍ ഏറ്റവും
മുന്നില്‍. 72.4 ശതമാനവുമായി പത്തനംതിട്ടയാണ് ഏറ്റവും പിന്നില്‍. 125
വിദ്യാര്‍ഥികള്‍ 1200-ല്‍ 1200 മാര്‍ക്കും സ്വന്തമാക്കി. നൂറു ശതമാനം വിജയം
സ്വന്തമാക്കിയത് സംസ്ഥാനത്തെ 72 വിദ്യാലയങ്ങളാണ്. വിജയശതമാനത്തില്‍
പെണ്‍കുട്ടികളാണ് മുന്നില്‍. പെണ്‍കുട്ടികളില്‍ 87.74 ശതമാനവും
ജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 73.38 ആണ്. എല്ലാ
വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരില്‍ 6905 പേരും പെണ്‍കുട്ടികളാണ്.
ആണ്‍കുട്ടികള്‍ 2,965 മാത്രം. സയന്‍സില്‍ 8,120 പേരും ഹ്യൂമാനിറ്റീസില്‍
364 പേരും കൊമേഴ്സില്‍ 1386 വിദ്യാര്‍ഥികളും എല്ലാ വിഷയത്തിനും എ പ്ലസ്
ഗ്രേഡ് നേടി. 27,382 പേര് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡും 40,571 പേര്
ബി പ്ലസ് ഗ്രേഡും നേടി. 58,750 വിദ്യാര്‍ഥികള്‍ ബി ഗ്രേഡ് നേട്ടത്തിന്
അര്‍ഹരായി. എസ്സി വിഭാഗത്തില്‍ 61.07 ശതമാനം പേര് വിജയിച്ചപ്പോള്‍ എസ്ടി
വിഭാഗത്തില്‍ 61.42 ശതമാനമാണു വിജയം. ഒഇസി വിഭാഗത്തില്‍
പരീക്ഷയ്ക്കിരുന്നതില്‍ 7.23 ശതമാനം ഉപരിപഠനത്തിനു യോഗ്യരായി. പഴയ
സിലബസില്‍ പരീക്ഷയെഴുതിയ 22,893 വിദ്യാര്‍ഥികളില്‍ 8339 പേര് വിജയിച്ചു.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദാണ് ഫലപ്രഖ്യാപനം നടത്തിയത്.