Breaking News

Trending right now:
Description
 
May 08, 2016

ജിഷ വധം: ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടി

image പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി ദളിത്‌ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതു സംബന്ധിച്ച്‌ ആഭ്യന്തര അഡീഷനല്‍ ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ പൊലീസിന്റെ വിവിധ വിഭാഗങ്ങളില്‍നിന്നു കൂടുതല്‍ വിശദീകരണം തേടി. നേരത്തെ ഡിജിപി അടക്കമുള്ളവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങള്‍ കണ്ടതോടെയാണ്‌ കൂടുതല്‍ വിശദീകരണം തേടിയത്‌. സംസ്ഥാന ഇന്റലിജന്‍സ്‌ മേധാവി, ക്രൈംറിക്കോര്‌ഡ്‌സ്‌ ബ്യൂറോ മേധാവി, എറണാകുളം റേഞ്ച്‌ ഐജി എന്നിവരോടും സംഭവത്തെക്കുറിച്ച്‌ വിശദറിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അതേസമയം, തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിനു വീഴ്‌ച സംഭവിച്ചുവെന്നു പൊലീസ്‌ കംപ്ലെയിന്റ്‌സ്‌ അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ്‌ കെ. നാരായണക്കുറുപ്പ്‌ വ്യക്തമാക്കി. ഇതു സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ട്‌ ഐജി മഹിപാല്‍ യാദവ്‌, റൂറല്‍ എസ്‌പി യതീഷ്‌ ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്‌പി, സിഐ, എസ്‌ഐ എന്നിവര്‍ക്ക്‌ നോട്ടീസ്‌ അയച്ചുവെന്നും ജസ്റ്റീസ്‌ നാരായണക്കുറുപ്പ്‌ പറഞ്ഞു. രണ്ടാഴ്‌ചയ്‌ക്കകം വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം. അഭിഭാഷകനായ ബേസില്‍ കുര്യാക്കോസ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. കൊലപാതകം പൊലീസ്‌ മൂടിവച്ചെന്നും സംഭവസ്ഥലം സീല്‍ ചെയ്യാതിരുന്നതുമൂലം തെളിവുകള്‍ നശിച്ചെന്നും ധൃതിപിടിച്ചു മൃതദേഹം ദഹിപ്പിച്ചതു വീഴ്‌ചയാണെന്നും പരാതിയില്‍ പറയുന്നു. ജിഷയുടേത്‌ കൊലപാതകമായതിനാല്‍ ഘാതകനെ കണ്ടെത്തണമെന്നത്‌ പൊലീസിന്‌ അറിയാവുന്ന കാര്യമാണ്‌. എന്നിട്ടും പൊലീസ്‌ ഉദാസീനമായിട്ടാണു പെരുമാറിയതെന്ന്‌ ജസ്റ്റീസ്‌ നാരായണക്കുറുപ്പ്‌ പറഞ്ഞു. ജിഷയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്‌ തയാറാക്കലും പോസ്റ്റ്‌മോര്‍ട്ടവും വീഡിയോയില്‍ ചിത്രീകരിക്കേണ്ടതായിരുന്നു. ഇതും പൊലീസ്‌ ചെയ്‌തിട്ടില്ല. മൃതദേഹം മറവു ചെയ്‌തിരുന്നെങ്കില്‍ അന്വേഷണ ഘട്ടത്തില്‍ ആവശ്യമായിവന്നാല്‍ പുറത്തെടുത്ത്‌ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍, മൃതദഹേം ദഹിപ്പിച്ചതിനാല്‍ അതിനുള്ള സാധ്യതയും ഇല്ലാതാക്കിയെന്നും ജസ്റ്റീസ്‌ നാരായണക്കുറുപ്പ്‌ ചൂണ്ടിക്കാട്ടി.