Breaking News

Trending right now:
Description
 
May 07, 2016

ജിഷയുടെ കൊലപാതകം: സഹോദരിയുടെ സുഹൃത്തിനെ പൊലീസ്‌ തിരയുന്നു

image പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം ആസൂത്രിതമാണെന്ന്‌ എഡിജിപി കെ. പത്മകുമാര്‍ വ്യക്തമാക്കി. ജിഷയുടെ അയല്‍വാസിയായ ബസ്‌ ജീവനക്കാരനെയും ഇയാളുടെ സുഹൃത്തിനെയും ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റൊരാളെയും പോലീസ്‌ ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇതോടെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ആറുപേരെയാണ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്‌. പ്രതികളെക്കുറിച്ച്‌ വ്യക്തമായ ധാരണ ലഭിച്ചുകഴിഞ്ഞുവെന്ന നിലപാടിലാണ്‌ പൊലീസ്‌. ജിഷയ്‌ക്കു പരിചയമുള്ള വ്യക്തിയാണു പ്രതിയെന്നും ഉടന്‍തന്നെ ഇയാളുടെ പേര്‌ വെളിപ്പെടുത്തുമെന്നും എഡിജിപി പറഞ്ഞു. കൊല നടത്തിയ രീതിയും മരണം ഉറപ്പാക്കാന്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതുമാണ്‌ കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തില്‍ പൊലീസ്‌ എത്തിയിരിക്കുന്നത്‌. വൈകിട്ടു നാലിനുശേഷം വീടിനുള്ളില്‍ ജിഷ ആരോടോ കയര്‍ത്തു സംസാരിക്കുന്നതു കേട്ടതായി സാക്ഷിമൊഴിയുണ്ട്‌. ഇതു ഫോണിലാവാമെന്നാണ്‌ പൊലീസിന്റെ സംശയം. ഒരാള്‍ തന്നെയാണ്‌ കുറ്റകൃത്യം ചെയ്‌തതെന്ന നിഗമനത്തില്‍ തന്നെയാണ്‌ പോലീസ്‌ ഇപ്പോഴും നില്‍ക്കുന്നത്‌. ജിഷയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്‌.

ഇതിനിടെ ജിഷയുടെ ഏകസഹോദരി ദീപയുടെ സുഹൃത്തിനെ കണ്ടെത്താന്‍ പൊലീസ്‌്‌ അന്വേഷണം ശക്തമാക്കി. കഞ്ചാവു വില്‍പ്പനക്കാരനായ ഇയാളെ സംഭവത്തിനുശേഷം കാണാതായിരുന്നു. പൊലീസ്‌ തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക്‌ സാദൃശ്യമുണ്ടെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. ഇയാളെ എങ്ങനെയും കണ്ടെത്തുന്നതിന്‌ പൊലീസ്‌ പത്തംഗ സ്‌ക്വാഡ്‌ രൂപീകരിച്ചു തിരച്ചില്‍ ആരംഭിച്ചു. അന്വേഷണം ഉന്നത ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ്‌ പൊലീസിന്‌ നിര്‍ണായകമായ തെളിവ്‌ ലഭിക്കുന്നത്‌. ഇന്നലെ വൈകുന്നേരം ഡിജിപി ടി.പി. സെന്‍കുമാര്‍, ഇന്റലിജന്‍സ്‌ മേധാവി എ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പെരുമ്പാവൂരില്‍ എത്തി കൊല നടന്ന വീട്‌ പരിശോധിച്ചു. അതേസമയം, ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന്‌ ദേ ശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ആവശ്യപ്പെട്ടു. സംസ്‌ഥാന പോലീസ്‌ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.