Breaking News

Trending right now:
Description
 
May 07, 2016

ഇടതു-വലതു മുന്നണികള്‍ കേരളത്തെ കൊള്ളയടിച്ചു; ഇത്തവണ മൂന്നാംശക്തി വരും: മോദി

image ബിജെപി ഇത്തവണ കേര നിയമസഭയിലെ മൂന്നാംശക്തിയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പാലക്കാട്ട്‌ ഇന്നലെ നടന്ന എന്‍ഡിഎയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്‌ പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിമാറി ഭരിക്കുന്ന ഇടതു-വലതു മുന്നണികള്‍ കേരളത്തെ കൊള്ളയടിക്കുകയാണ്‌. ഇക്കാര്യത്തില്‍ അവര്‍ യോജിപ്പിലുമാണ്‌. അറുപതുവര്‍ഷമായി ഇതു തുടരുകയാണ്‌. വളരെ ശാസ്‌ത്രീയമായി ജനത്തെ കൊള്ളയടിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാന്‍ കേരളത്തിലെ അഭ്യസ്‌തവിദ്യരായ ജനങ്ങള്‍ക്കു കഴിയുന്നില്ല. ഇവരുടെ പിടിയിലമര്‍ന്ന കേരളത്തെ രക്ഷിക്കാന്‍ ബിജെപി നിയമസഭയിലെ മൂന്നാംകക്ഷിയായി ഉയര്‍ന്നുവരണം. നിയമസഭയില്‍ മൂന്നാം ശക്തി ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ കണ്ടുതുടങ്ങിയതായും മോദി വ്യക്തമാക്കി. കേരളത്തിന്റെ പ്രവേശന കവാടമായ പാലക്കാട്ടു സമ്മേളിച്ച ജനസഞ്ചയം അതിനു തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ജനജീവിതം തകര്‍ത്തു. ഇവിടത്തെ ചെറുപ്പക്കാര്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും ജോലിക്കായി പോകുകയാണ്‌. എന്തുകൊണ്ട്‌ അവരെ പിടിച്ചുനിറുത്താന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ക്കു കഴിയുന്നില്ല? ഇവിടെ എന്തുകൊണ്‌ടാണു കൃഷിയും വ്യവസായങ്ങളും തുടങ്ങാന്‍ കഴിയാത്തത്‌? സാധ്യതയുള്ള സംസ്ഥാനമാണു കേരളം. എന്നാല്‍, കര്‍ഷകര്‍ക്കോ വ്യവസായങ്ങള്‍ക്കോ ഒരു സഹായവും കേരളത്തിലെ സര്‍ക്കാരുകള്‍ ചെയ്യുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

കേരളത്തിലെ പ്രശ്‌നങ്ങളോട്‌ കേന്ദ്രസര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ഇവിടെനിന്നുള്ള നഴ്‌സുമാര്‍ ഗള്‍ഫ്‌ ഉള്‍പ്പെടെ വേദേശരാജ്യങ്ങളില്‍ അനുഭവിച്ച പ്രശ്‌നങ്ങളില്‍ വിദേശമന്ത്രാലയം സജീവമായി ഇടപെട്ടു. ഭീകരര്‍ തടവിലാക്കിയവരെയും തട്ടിക്കൊണ്ടുപോയവരെയും മോചിപ്പിച്ചു. കൊല്ലം പരവൂര്‍ ക്ഷേത്തിലെ വെടിക്കെട്ട്‌ അപകടത്തില്‍ നൂറിലേറെ പേര്‍ മരിച്ചപ്പോള്‍ വിദഗ്‌ധ ഡോക്ടര്‍മാര്‍ക്കൊപ്പം സ്ഥലത്തെത്താന്‍ കഴിഞ്ഞു-മോദി പറഞ്ഞു. കേരളത്തില്‍വന്ന്‌ സോളാര്‍ എന്നു പറയാന്‍ ഭയമാണെന്നു അദ്ദേഹം പരിഹസിച്ചു. മറ്റ്‌ സംസ്ഥാനങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച്‌ വികസനം സാധ്യമാക്കിയപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ കീശ വീര്‍പ്പിക്കുകയാണ്‌. സോളാര്‍ എന്നു പറഞ്ഞാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു. പെരുമ്പാവൂരില്‍ ദലിത്‌ യുവതിയെ മാനഭംഗപ്പെടുത്തി അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതു ഭരണമില്ലെന്നതിനു തെളിവാണ്‌. പല പ്രശ്‌നങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിക്കുമ്പോള്‍ കേന്ദ്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്നും മോദി വ്യക്തമാക്കി. കേരളത്തിനുവേണ്ടി എന്തുനല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയാറാണ്‌. രണ്ടു എംപിമാരെ നോമിനേറ്റ്‌ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള സുരേഷ്‌ ഗോപിയേയും റിച്ചാര്‍ഡ്‌ ഹേയെയും രാജ്യസഭാംഗങ്ങളാക്കി. ജനത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കു മുന്നിലും കേന്ദ്രസര്‍ക്കാരുണ്ടാകും. വികസനമാണു സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുകയാണെങ്കില്‍ എല്ലാ വികസനവും സാധ്യമാക്കും. കേരളത്തിലെ ജനങ്ങളുടെ കാലാകാലങ്ങളായുള്ള തപസ്യ ഇത്തവണ സാക്ഷാത്‌കരിക്കപ്പെടും. അതു സംഭവിക്കുകയാണെങ്കില്‍ വികസനത്തിലൂടെ തന്റെ സ്‌നേഹം പലിശയായി തിരിച്ചുനല്‍കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.