Breaking News

Trending right now:
Description
 
May 06, 2016

ബിജെപി സഖ്യത്തിന്റെ പ്രചാരണത്തിന്‌ മോദി ഇന്ന്‌ കേരളത്തില്‍ എത്തും; സോണിയ ഒമ്പതിന്‌ എത്തും

image ബിജെപി സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. രണ്ടുമണിക്ക്‌ പാലക്കാട്‌ വലിയകോട്ട മൈതാനത്താണ്‌ പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന്‌ ഉച്ചകഴിഞ്ഞ്‌ ഒന്നേമുക്കാലോടെ പാലക്കാട്‌ മേഴ്‌സി കോളജില്‍ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ വന്നിറങ്ങും. ഇന്നത്തെ പരിപാടിക്കു പുറമേ 8, 11 തീയതികളിലായി കേരളത്തില്‍ ആകെ അഞ്ച്‌ റാലികളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. എട്ടിനു മോദിക്കു മൂന്നു പരിപാടികളാണുള്ളത്‌. രാവിലെ 9.30ന്‌ കാസര്‍ഗോഡ്‌ മുനിസിപ്പല്‍ മൈതാനത്തും ഉച്ചയ്‌ക്ക്‌ 12.45ന്‌ എടത്വ ലൂര്‍ദ്‌ മാതാ സ്‌കൂള്‍ ഗ്രൗണ്ടിലും വൈകുന്നേരം 6.40ന്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലുമുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. 11ന്‌ വൈകുന്നേരം 7.35ന്‌ തൃപ്പൂണിത്തുറ പുതിയകാവ്‌ മൈതാനത്താണ്‌ പ്രധാനമന്ത്രി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു റാലി.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഒമ്പതിനു കേരളത്തിലെത്തും. ഒമ്പതിന്‌ വൈകുന്നേരം മൂന്നിന്‌ കൊച്ചിയിലെത്തും. നാലിന്‌ തൃശൂരിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം 6.20-ന്‌ തിരുവനന്തപുരത്ത്‌ പൊതുയോഗത്തില്‍ പങ്കെടുക്കും. രാത്രി 7.30-ന്‌ ഡല്‍ഹിക്കു മടങ്ങും. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പത്തിന്‌ രാത്രി തിരുവനന്തപുരത്ത്‌ എത്തും. 11-ന്‌ രാവിലെ പത്തിന്‌ കായംകുളത്തും ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഉടുമ്പന്‍ചോല മണ്ഡലത്തിലെ നെടുങ്കണ്ടത്തും വൈകുന്നേരം അങ്കമാലിയിലും 12-ന്‌ രാവിലെ പത്തിന്‌ പട്ടാമ്പിയിലും ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കുറ്റിയാടിയിലെ പുറവേലിയിലും വൈകുന്നേരം അഞ്ചിന്‌ ഉദുമയിലും തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പങ്കെടുക്കും.