Breaking News

Trending right now:
Description
 
May 06, 2016

ജിഷ കൊലക്കേസ്‌: പ്രതിഷേധം തുടരുന്നു; അന്വേഷണസംഘത്തെ പുനസംഘടിപ്പിച്ചു

image പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലക്കേസ്‌ അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ചു. അഞ്ച്‌ ഡിവൈഎസ്‌പിമാരും 10 സിഐമാരും ഉള്‍പ്പെടുന്ന സംഘത്തില്‍ 80 ഉദ്യോഗസ്ഥരുണ്ട്‌. ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡിവൈഎസ്‌പി എം.ജിജിമോന്‍ നേതൃത്വം നല്‍കുന്ന സംഘത്തിനു എഡിജിപി കെ.പത്മകുമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കും. അതേസമയം അന്വേഷണം അവസാനഘട്ടത്തിലാണെന്നു എഡിജിപി വ്യക്തമാക്കി. ഇതരസംസ്ഥാന തൊഴിലാളികളിലേക്കു വീണ്ടും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്‌ നടക്കുന്നത്‌. സംശയത്തെ തുടര്‍ന്ന്‌ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്ത ഏഴുപേരില്‍ അഞ്ചുപേരെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. അടുത്ത ബന്ധുവും ഒരു അയല്‍ക്കാരനും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്‌. അന്വേഷണത്തിന്റെ ഭാഗമായി കുറുപ്പംപടിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ജിഷയുടെ അയല്‍വാസികളുടെ വീടുകളിലും ഇന്നലെ പൊലീസ്‌ പരിശോധന നടത്തി. ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു ആദ്യം കണ്ടെത്തിയ ആയുധങ്ങളും ചെരിപ്പുകളും അന്വേഷണത്തിനായി തിരിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസ്‌ കോടതിയില്‍ അപേക്ഷനല്‍കി. അവ അന്നു പരിശോധനയ്‌ക്ക്‌ അയച്ചിരുന്നില്ല. ചെരുപ്പില്‍ സിമിന്റിന്റെ അംശമുണ്ടായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു പൊലീസ്‌ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്‌. സമീപവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ തയാറാക്കിയ രേഖാചിത്രത്തിലുള്ള വ്യക്തി തന്നെയാണോ കുറ്റവാളിയെന്നും പൊലീസിന്‌ കണ്ടെത്താനായിട്ടില്ല. അന്വേഷണം തൃപ്‌തികരമല്ലെന്നു ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ കുറ്റപ്പെടുത്തി.

കഴുത്ത്‌ ഞെരിച്ച്‌ ജിഷയെ കൊലപ്പെടുത്തിയെന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. 13 സെന്റിമീറ്റര്‍ ആഴത്തിലുള്ള മൂന്നുമുറിവുകള്‍ കഴുത്തിലും നെഞ്ചിലുമുണ്ട്‌. പ്രധാന അവയവങ്ങള്‍ക്ക്‌ അതിമാരകമായി മുറിവേറ്റിരുന്നു. പുറത്ത്‌ അതിശക്തമായി കടിയേറ്റ പാടുകളുണ്ട്‌. ജിഷയുടെ ഇരുചുമലുകളും ശക്തമായി പിടിച്ചുതിരിച്ച നിലയിലായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. തുടക്കത്തിലെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി നടപടിയുണ്ടായേക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കേസ്‌ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ പൊലീസിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളതെന്നു കൊച്ചി പ്രസ്‌ ക്ലബ്‌ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പൊലീസിനെ അന്വേഷണം നടത്താന്‍ അനുവദിക്കണം. പ്രതികളെ ഉടന്‍ പിടികൂടും. ദാരുണമായ സംഭവം രാഷ്ട്രീയ മുതലെടുപ്പിന്‌ ഉപയോഗിക്കുന്നത്‌ അപലപനീയമാണ്‌. ശാസ്‌ത്രീയമായ തെളിവുകള്‍ ശേഖരിച്ചു കുറ്റവാളിയിലേക്ക്‌ എത്താനുള്ള ശ്രമങ്ങളാണുന്ന നടത്തുന്നത്‌. സമരപരിപാടികള്‍ അവസാനിപ്പിച്ച്‌ പൊലീസിനെ സഹായിക്കുകയാണ്‌ വേണ്ടത്‌. അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ കഴിയില്ലെന്നും അത്‌ അന്വേഷണത്തെ ബാധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിനിടെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട്‌ പൊതുപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ്‌ കുറുപ്പംപടി കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഒമ്പതിനു പരിഗണിക്കും.