Breaking News

Trending right now:
Description
 
May 05, 2016

മന്ത്രി കെ.ബാബു രാത്രി പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു

image തൃപ്പൂണിത്തുറ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായ മന്ത്രി കെ.ബാബുവിനെതിരെ അപകീര്‍ത്തികരമായ പോസ്‌റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ആം ആദ്‌മി പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച ആം ആദ്‌മി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രി കെ.ബാബുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറ പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. ബുധനാഴ്‌ച രാത്രി ഒരുമണിക്കൂറോളം മന്ത്രിയുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കുത്തിയിരുന്നു സമരം ചെയ്‌തു. മുന്‍ കൊച്ചിമേയര്‍ ടോണി ചമ്മണി എത്തി പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ ആം ആദ്‌മിക്കാര്‍ക്കെതിരെനടപടിയെടുക്കാമെന്ന ഉറപ്പില്‍ പതിനൊന്നരയോടെ സമരം അവസാനിപ്പിച്ചു. ഡിവൈഎഫ്‌ഐയുടെ പിന്തുണയോടെ ആം ആദ്‌മി പ്രവര്‍ത്തകര്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തുകയാണെന്നു യുഡിഎഫ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു. തൃപ്പൂണിത്തുറ എസ്‌എന്‍ ജംക്ഷനില്‍ സ്ഥാനാര്‍ഥി മന്ത്രി കെ.ബാബുവിനെതിരെ പോസ്‌റ്റര്‍ ഒട്ടിക്കുന്നതിനെതിരെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെയാണ്‌ കയ്യാങ്കളി നടന്നത്‌. ആക്രമണത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍ വേണുഗോപാലിനെ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച ആം ആദ്‌മി പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാരാണ്‌ കൈയ്യേറ്റം ചെയ്‌തതെന്നു ആം ആദ്‌മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്‌ഠന്‍ ആരോപിച്ചു.