Breaking News

Trending right now:
Description
 
May 05, 2016

കുറ്റവാളിക്കു കടുത്ത ശിക്ഷ നല്‌കണമെന്നു സുരേഷ്‌ ഗോപി എംപി

image കേരളത്തിനു തലകുനിക്കേണ്ടിവന്ന ജിഷ കൊലപാതക കേസില്‍ 30 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിക്കു കടുത്ത ശിക്ഷ നല്‌കണമെന്നു സുരേഷ്‌ ഗോപി എംപി ആവശ്യപ്പെട്ടു. അത്രയും കാടത്തമാണ്‌ പെരുമ്പാവൂരില്‍ നടന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നല്‍കുന്ന പോലുള്ള ശിക്ഷയാണ്‌ ഇത്തരം കുറ്റവാളികള്‍ക്കു നല്‍കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. സൗമ്യ വധക്കേസില്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ ശിക്ഷ നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അയാള്‍ക്കുവേണ്ടി ഹാജരാകാനും അഭിഭാഷകര്‍ എത്തുന്നു എന്നത്‌ ജനാധിപത്യത്തിന്‌ അപമാനകരമാണ്‌. രാജ്യസഭ എംപി ആയശേഷം ഗുരുവായൂരിലെത്തിയ സുരേഷ്‌ ഗോപി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നതിനിടെയാണ്‌ പെരുമ്പാവൂരിലെ കൊലപാതകത്തെക്കുറിച്ച്‌ പ്രതികരിച്ചത്‌.കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതനുസരിച്ച്‌ ജിഷയുടെ വീട്‌ സന്ദര്‍ശിക്കുകയും അമ്മയെ കാണുകയും ചെയ്‌തു. സംഭവത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശിക്ഷാനടപടികള്‍ വേണമെന്നും സുരേഷ്‌ ഗോപി അഭിപ്രായപ്പെട്ടു. അതേസമയം, ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്‌ചയുണ്ടായിട്ടില്ലെന്നു മന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. പെണ്‍കുട്ടിക്കു ഭീഷണിയുണ്ടെന്നു പരാതികിട്ടിയപ്പോള്‍തന്നെ പൊലീസിന്‌ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. കൊലപാതകം നടന്നദിവസംതന്നെ എസ്‌പി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു ശാസ്‌ത്രീയ തെളിവെടുപ്പുകള്‍ നടത്തി. എഡിജിപി കെ.പത്മകുമാര്‍ സ്ഥലത്ത്‌ ക്യാംപ്‌ ചെയ്‌ത്‌ മേല്‍നോട്ടം വഹിക്കുന്നു. മധ്യമേഖലാ ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ നല്ല രീതിയിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. ഈ ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാറായിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി.