Breaking News

Trending right now:
Description
 
May 05, 2016

ജിഷയുടെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

image പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ്‌ പുറത്തുവിട്ടു. കൊലനടന്നതായി അനുമാനിക്കുന്ന സമയം ജിഷയുടെ വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോയ മഞ്ഞ ടീഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവിനെ കണ്ടെത്താനാണു അന്വേഷണസംഘത്തിന്റെ ശ്രമം. യുവാവിനെ നേരില്‍കണ്ട രണ്ടുപേര്‍നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ രേഖാ ചിത്രം തയാറാക്കിയത്‌. കൊലചെയ്യപ്പെട്ട ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഇതിലേറെയും മാരക മുറിവുകളാണ്‌. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പീഡനത്തിനു പുറമേ ആയുധം കൊണ്ടുള്ള മുറിവും ശ്വാസം മുട്ടിക്കലും കഴുത്തു ഞെരിക്കലും മരണത്തിനു കാരണമായി. മുഖത്തും തലയിലുമാണ്‌ മുറിവുകള്‍ കൂടുതല്‍. രഹസ്യഭാഗങ്ങളില്‍ ദണ്ഡുപോലുള്ള വസ്‌തുകൊണ്ട്‌ ആക്രമിച്ചിട്ടുണ്ട്‌. വയര്‍ പിളര്‍ന്നു കുടല്‍ പുറത്തുവന്നത്‌ ഇതുമൂലമാണ്‌. ഉ്‌ച്ചകഴിഞ്ഞ്‌ മൂന്നിനും അഞ്ചിനും ഇടയിലാണ്‌ മരണം നടന്നിരിക്കുന്നതെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷയുടെ ആന്തരാവയവങ്ങള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയച്ചു.

കണ്ണൂരില്‍നിന്നു കഴിഞ്ഞദിവസം പിടികൂടിയ ജിഷയുടെ അയല്‍വീട്ടുകാരനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‌തുവരുകയാണ്‌. രേഖാചിത്രവുമായി ഇയാള്‍ക്കു സാമ്യമുള്ളതിനാലാണ്‌ അന്വേഷണം ഇയാളെ ചുറ്റിപ്പറ്റി നടക്കുന്നത്‌. എന്നാല്‍, ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. ആലുവാ പോലീസ്‌ ക്ലബ്ബില്‍ ഇയാളെ എഡിജിപി കെ. പത്മകുമാര്‍, ഐജി മഹിപാല്‍ യാദവ്‌, എസ്‌പി ജി.എച്ച്‌. യതീശ്‌ ചന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്യുന്നത്‌. സംഭവം നടന്ന്‌ ആഴ്‌ചയായിട്ടും പ്രതികളെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും പൊലീസ്‌ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ല. ജിഷയുടെ അയല്‍ക്കാരന്‍ അടക്കം എട്ടുപേരാണ്‌ വിവിധ സ്ഥലങ്ങളിലായി പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്‌. അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയേയും ജിഷയുടെ വീടും സന്ദര്‍ശിച്ചു. താലൂക്ക്‌ ആശുപത്രിയില്‍ മുഖ്യമന്ത്രിയെ തടയാന്‍ ഡിവൈഎഫ്‌ഐ, എഐവൈഎഫ്‌, എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പിന്നീട്‌ നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മെഡിക്കല്‍ വ്‌ദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം അനുസരിച്ച്‌ ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ.ആ്‌ര്‍.ജയലേഖ ഫോറന്‍സിക്‌ വിഭാഗത്തില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ജിഷയുടെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ കണ്ടുപിടിച്ച്‌ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്‌ വിഭാഗം ഡെപ്യൂട്ടി പൊലീസ്‌ സര്‍ജന്‍ ഡോ. ലിസാ ജോണിന്റെ നേതൃത്വത്തിലാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തതെന്ന്‌ അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം പിജി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്‌ നടന്നതെന്ന റിപ്പോര്‍ട്ട്‌ അവര്‍ നിഷേധിച്ചു. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ പൊലീസ്‌ അന്വേഷണ സംഘത്തിനു കൈമാറി. അതേസമയം, മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടത്തിയതിലെ വീഴ്‌ച സംബന്ധിച്ച്‌ ആരോഗ്യവകുപ്പ്‌ അന്വേഷണം ആരംഭിച്ചു.