Breaking News

Trending right now:
Description
 
May 03, 2016

സംസ്ഥാനത്ത്‌ 1,233 പ്രശ്‌നബാധിത ബൂത്തുകള്‍: മുഖ്യതിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

image സംസ്ഥാനത്ത്‌ 1,233 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ഡോ. നസീം സെയ്‌ദി വ്യക്തമാക്കി. ഇവയിലേറെയും മലബാര്‍ മേഖലയിലാണ്‌. ഇവിടങ്ങളില്‍ കേന്ദ്രസേനയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയൊരുക്കും. പിന്നോക്ക, ദളിത്‌ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും പ്രശ്‌നബാധിത മേഖലയില്‍ ഉള്‍പ്പെടും. ഇവിടങ്ങളില്‍ അട്ടിമറി തടയാനും ആരുടെയും ഭീഷണികളില്ലാതെയും വോട്ടര്‍മാര്‍ക്ക്‌ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കാനാണ്‌ തീരുമാനം. തിരഞ്ഞെടുപ്പു കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി കേന്ദ്ര സേനയുടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌. 1124 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ലഭ്യമായ ഇടങ്ങളില്‍ വെബ്‌കാസ്റ്റിംഗും മറ്റിടങ്ങളില്‍ വീഡിയോ റിക്കാര്‍ഡിംഗും ഏര്‍പ്പെടുത്തും. കള്ളവോട്ട്‌, ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശനനടപടി കൈക്കൊള്ളാന്‍ സംസ്ഥാന പൊലീസ്‌ മേധാവിക്കു നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി കുപ്രസിദ്ധ കുറ്റവാളികളെ നിരീക്ഷണവിധേയമാക്കാനും, സംഘര്‍ഷസാധ്യതകള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംസ്ഥാന പൊലീസ്‌ മേധാവിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ ഇടുക്കി പോലുള്ള ജില്ലകളില്‍ എക്‌സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ഡ്രൈവ്‌ നടത്തും. വേനല്‍ക്കാലത്തെ കനത്ത ചൂട്‌ കണക്കിലെടുത്ത്‌ പോളിംഗ്‌ സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക്‌ കുടിവെള്ളം ലഭ്യമാക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌ ശാരീരികമായ ന്യൂനതകളുള്ളവര്‍ക്ക്‌ സുഗമമായി വോട്ടു രേഖപ്പെടുത്താനാവശ്യമായ സജ്ജീകരണങ്ങളും ഒരുക്കണമെന്നും കമ്മീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി.