May 03, 2016
നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനുശേഷം
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പുറമ്പോക്കിലെ കുടിലിനുള്ളില്‍
കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായശേഷമെന്നു
പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കുറുപ്പംപടി വട്ടോളിപ്പടി
കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷ (30) കഴിഞ്ഞ വ്യാഴാഴ്ചയാണു
കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും കുറ്റക്കാരെ
കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂട്ടമാനഭംഗത്തിനു ശേഷമുള്ള കൊലപാതകത്തിന്റെ
ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ വ്യാക്തമാണ്. പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ട് ലഭിച്ചാലേ ഇതു സ്ഥിരീകരിക്കുകയുള്ളൂ. യുവതിയുടെ
മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകള്‍
കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുഹ്യഭാഗത്ത് ഇരുമ്പു ദണ്ഡ്
കൊണ്ട് ആക്രമിച്ചതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ്
റിപ്പോര്‍ട്ട് പറയുന്നു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ടു
തലയ്ക്കു പിന്നിലും മുഖത്തും മാരകമായി അടിയേറ്റിട്ടുണ്ട്. അടിയുടെ
ആഘാതത്തില്‍ മൂക്കു തകര്‍ന്നു. ഇരുമ്പുദണ്ഡ് പൊലീസ് കണ്ടെടുത്തിരുന്നു.
കഴുത്തില്‍ കത്തിഉപയോഗിച്ച് കുത്തിയ മുറിവുമുണ്ട്. ബലാത്സംഗശ്രമം
ചെറുക്കുന്നതിനിടെയാണ് അക്രമം നടന്നതെന്നാണു പൊലീസിന്റെ നിഗമനം. മുറിയില്‍
മല്പിടുത്തം നടന്നതിന്റെ അടയാളമുണ്ടായിരുന്നു. അടച്ചുറപ്പില്ലാത്ത
ഒറ്റമുറി കുടിലിലാണ് ജിഷയും മനോദൗര്‍ബല്യമുള്ള അമ്മ രാജേശ്വരിയും
കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ജിഷയുടെ മൃതദേഹം
കണ്ടെത്തിയത്. മൃതദേഹത്തിനുചുറ്റും വീട്ടിലെ തുണികളും പാത്രങ്ങളും
വലിച്ചുവാരിയിട്ടിരിക്കുന്നു. രാജേശ്വരി മറ്റുവീടുകളില്‍ ജോലിക്കുപോയാണ്
കുടുംബം പുലര്‍ത്തിയിരുന്നത്. സംഭവദിവസം രാജേശ്വരി വീട്ടില്‍
ഇല്ലായിരുന്നു. എറണാകുളം ഗവ. ലോ കോളജില്‍ അവസാന വര്‍ഷ എല്‍എല്‍ബി
വിദ്യാര്‍ഥിനിയാണ് ജിഷ.