Breaking News

Trending right now:
Description
 
May 03, 2016

സൂര്യതാപം: അവധിക്കാലത്ത്‌ സ്‌കൂള്‍ തുറന്നാല്‍ നടപടി

image സംസ്ഥാനത്ത്‌ സൂര്യതാപം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ മധ്യവേനല്‍ അവധിക്കാലത്തു സ്‌കൂള്‍ പാടില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഒമ്പത്‌, 10 ക്ലാസുകളില്‍ അവധിക്കാല ക്ലാസ്‌ ആവശ്യമെങ്കില്‍ പ്രത്യേക അനുമതിവാങ്ങണം. കുട്ടികള്‍ രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നുവരെയുള്ള സമയത്ത്‌ യാത്ര ചെയ്യുന്നില്ലെന്ന്‌ ഉറപ്പുവരുത്തേണ്ടതുമുണ്ട്‌. ഒരു സ്‌കൂളും മധ്യവേനലവധിക്കാലത്തു പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നു സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌, സിബിഎസ്‌ഇ, ഐസിഎസ്‌ഇ ഉള്‍പ്പെടെയുളള വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്‌. നിര്‍ദേശം ലംഘിക്കപ്പെടുന്നതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു മാനേജ്‌മെന്റ്‌ ഉള്‍പ്പെടെയുളള സ്‌കൂള്‍ അധികൃതര്‍ ഉത്തരവായിരിക്കുമെന്നു കമ്മിഷന്‍ വ്യക്തമാക്കി. സൂര്യതാപംകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 15വരെ അധ്യയനത്തിനായി സ്‌കൂളുകള്‍ തുറക്കരുതെന്ന്‌ വിദ്യാഭ്യാസ വകുപ്പിനോട്‌ ആവശ്യപ്പെടാന്‍ ആരോഗ്യ ഡയറക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗവും തീരുമാനിച്ചു. സംസ്ഥാന ജില്ലയില്‍ 20വരെ സ്‌കൂളുകളില്‍ അധ്യയനം നടത്തരുതെന്ന നിര്‍ദേശം ലംഘിച്ച സ്‌കൂളിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. സൂര്യാതപം മൂലം വിവിധ ജില്ലകളില്‍ 286 പേര്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായും സ്റ്റേറ്റ്‌ എപ്പിഡമിയോളജിസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഇന്നലെ സൂര്യതാപത്തില്‍ മൂന്നുപേര്‍ മരിച്ചു. വിവിധ ജില്ലകളില്‍ ഇതുവരെ 286 പേര്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. രാവിലെ 11 മുതല്‍ മൂന്നുവരെ വെയിലത്തു പണിയെടുപ്പിക്കരുതെന്നു തൊഴില്‍വകുപ്പ്‌ തൊഴില്‍ദായകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.