Breaking News

Trending right now:
Description
 
May 02, 2016

ഒമാനില്‍ കൊല്ലപ്പെട്ട നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

image ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലായളി നഴ്‌സ്‌ ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയശേഷം പത്തുമണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചു. വൈകിട്ട്‌ മൂന്നിന്‌ കറുകുറ്റി ക്രിസ്‌തുരാജ ആശ്രമം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ കഴിഞ്ഞ ദിവസമാണ്‌ പൊലീസിന്റെ അനുമതി ലഭിച്ചത്‌. അതേസമയം, ചിക്കുവിന്റെ ഭര്‍ത്താവ്‌ ലിന്‍സന്‌ ഇന്ത്യയിലേക്ക്‌ പോകാന്‍ അനുമതി ലഭിച്ചില്ല. അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിന്‍സന്‌ ഒമാനില്‍ തന്നെ തുടരേണ്ടി വരുമെന്നാണ്‌ സൂചനകള്‍. സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം 20നാണ്‌ മുറിയില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ചിക്കു ഡ്യൂട്ടിക്ക്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ ഇതേ ആശുപത്രിയിലെതന്നെ ജീവനക്കാരനായ ഭര്‍ത്താവ്‌ ലിന്‍സന്‍ താമസസ്ഥലത്ത്‌ അന്വേഷിച്ചെത്തിയപ്പോാണ്‌ മൃതദേഹം കണ്ടത്‌. മോഷണശ്രമത്തിനിടെയാണ്‌ കൊലപാതകം എന്നു കണ്ടെത്തിയ പൊലീസ്‌ സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍കാരനായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംസങ്ങള്‍ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. അങ്കമാലി കറുകുറ്റി അസീസി നഗര്‍ തെക്കന്‍ അയിരൂക്കാരന്‍ റോബര്‍ട്ട്‌-സാവി ദമ്പതികളുടെ മകളാണ്‌ ചിക്കു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലിലാണ്‌ മൃതദേഹം വിട്ടുകിട്ടുന്നതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലായത്‌.