Breaking News

Trending right now:
Description
 
Apr 29, 2016

ചാനല്‍ചര്‍ച്ചയ്‌ക്കിടെ കയ്യാങ്കളി; ഷിബു ബേബി ജോണിനു പരുക്കേറ്റു

image ചവറയില്‍ മനോരമ ചാനലിന്റെ കൊടിപ്പട തിരഞ്ഞെടുപ്പ്‌ സംവാദ പരിപാടിക്കിടയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കയ്യാങ്കളി. കല്ലേറില്‍ പരുക്കേറ്റ യുഡിഎഫ്‌ സ്ഥാനാര്‍ഥി മന്ത്രി ഷിബു ബേബി ജോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കൈക്കാണ്‌ പരുക്ക്‌. കാലിനു പരുക്കേറ്റ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എന്‍. വിജയന്‍പിള്ളയും ചികിത്സയിലാണ്‌. വിജയന്‍പിള്ളയുടെ സഹോദരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്‌ ആക്രമണം അഴിച്ചുവിട്ടതെന്നു ഷിബു ബേബി ജോണ്‍ ആരോപിച്ചു. സംവാദ പരിപാടി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സംഘര്‍ഷം തുടങ്ങി. ചാനല്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക്‌ സ്ഥാനാര്‍ഥികള്‍ മറുപടി പറയുന്നതിനിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഇടതു പ്രവര്‍ത്തകര്‍ വാക്കേറ്റം തുടങ്ങുകയും പരസ്‌പരം ചേരിതിരിഞ്ഞ്‌ കല്ല്‌, കസേര എന്നിവ എടുത്തെറിയുകയും ചെയ്‌തു. കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ടു ഷിബു ബേബി ജോണ്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തടസവുമായി എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എഴുന്നേറ്റു. പ്രതിഷേധവുമായി യുഡിഎഫ്‌ പ്രവര്‍ത്തകരും എഴുന്നേറ്റതോടെ ബഹളവും കയ്യാങ്കളിയുമായി. ചാനലിന്റെ മൈക്കും ആക്രമണത്തില്‍ തകര്‍ന്നു. ദേശീയ പാതയിലൂടെ പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലും കല്ലു തെറിച്ചുവീണു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വഴിയാത്രക്കാര്‍ക്കും മേല്‍ കല്ലുകൊണ്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസിന്‌ അണികളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു കൂടുതല്‍ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.