Breaking News

Trending right now:
Description
 
Apr 29, 2016

യുഡിഎഫ്‌ ഭരണത്തില്‍വരും; വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ക്കാര്‍ രാജ്യത്തിനു മാതൃക: കെ.എം.മാണി

image എല്‍ഡിഎഫ്‌ ഭരണത്തില്‍ വരുമെന്നുള്ളത്‌ അവര്‍ക്കായുള്ള ഇവന്റ്‌ മാനേജ്‌മെന്റിന്റെ സൃഷ്‌ടിയാണെന്നും യുഡിഎഫ്‌ ഭരണത്തില്‍ വരുമെന്നും കേരള കോണ്‍ഗ്രസ്‌-എം ചെയര്‍മാന്‍ കെ.എം. മാണി കോട്ടയത്ത്‌ മുഖാമുഖം പരാപാടിയില്‍ വ്യക്തമാക്കി. വികസനപ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ രാജ്യത്തിനുതന്നെ മാതൃകയാണ്‌. ജനക്ഷേമത്തിനും കര്‍ഷക ക്ഷേമത്തിനുമായി ഇത്രയും തുക ചെലവഴിച്ച മറ്റൊരു സര്‍ക്കാര്‍ ഇല്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ 34 ലക്ഷം പേര്‍ക്കായി 3016 കോടി രൂപ വിതരണം ചെയ്‌തു. എല്‍ഡിഎഫ്‌ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ 587 കോടിയായിരുന്നു ലോട്ടറിയില്‍ നിന്നുളള വരുമാനമെങ്കില്‍ ഇപ്പോള്‍ വരുമാനം 6500 കോടി രൂപയായി. കാരുണ്യ ലോട്ടറി വരുമാനത്തില്‍നിന്നും 1.5 ലക്ഷം പേര്‍ക്ക്‌ 1500 കോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ സമ്മാനിച്ചു. താരതമ്യ പഠനം നടത്തിയാല്‍ യുഡിഎഫിന്‌ എ പ്ലസ്‌ ഗ്രേഡ്‌ ലഭിക്കും. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും ജനഹിതം അനുസരിച്ചു പെരുമാറുകയും ചെയ്‌ത സര്‍ക്കാരാണു യുഡിഎഫിന്റേത്‌. ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നു. ബാര്‍ കോഴ ആരോപണം കാലഹരണപ്പെട്ട വിഷയമാണ്‌. അതു ഫ്രീസറിലായിക്കഴിഞ്ഞു. ബാര്‍ വിഷയത്തില്‍ താന്‍ കോഴ വാങ്ങിയെന്നതിനു തെളിവൊന്നുമില്ല. സര്‍ക്കാരിനെ മറിച്ചിട്ടാല്‍ പൂട്ടിയ 418 ബാറുകളും തുറന്നു നല്‍കാമെന്ന്‌ കോടിയേരി ബാലകൃഷ്‌ണനും ബിജു രമേശും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവന്നതില്‍തന്നെ രാഷ്‌ട്രീയ ഗൂഢാലോചന വ്യക്തമാണ്‌. ബാര്‍ വിഷയത്തില്‍ മാണിയെ രാജിവയ്‌പ്പിക്കുകയും കെ. ബാബുവിനെ രാജിവയ്‌പ്പിച്ചശേഷം തിരിച്ചെടുക്കുകയും ചെയ്‌തിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ല. താന്‍ മനസാക്ഷി അനുസരിച്ചു രാജിവച്ചുവെന്നേ ഇക്കാര്യത്തില്‍ പറയുന്നുള്ളു. യുഡിഎഫില്‍ നമ്പാന്‍കൊള്ളുന്ന ഏകയാള്‍ പി. കെ. കുഞ്ഞാലിക്കുട്ടി മാത്രമാണെന്ന്‌ മുമ്പു പറഞ്ഞത്‌ മറ്റുള്ളവരാരും ചതിയന്മാരാണെന്ന അര്‍ഥത്തിലല്ലെന്നും മാണി പറഞ്ഞു. പാലായില്‍ നടപ്പാക്കിയ വികസനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം അവിടെ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്‌. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്‌ മൂന്നാം സ്ഥാനത്തിനായി മരണപ്പിടിത്തം നടത്തുകയാണെന്ന്‌ മാണി അഭിപ്രായപ്പെട്ടു.