Breaking News

Trending right now:
Description
 
Apr 29, 2016

വിഎസിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ്‌ നല്‍കി

image പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഒരു ലക്ഷം രൂപ മാനനഷ്‌ടം ആവശ്യപ്പെട്ട്‌ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയില്‍ കേസ്‌ ഫയല്‍ചെയ്‌തു. വിഎസ്‌ നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചരണം അവസാനിപ്പിക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കണമെന്ന താല്‍ക്കാലിക ഉത്തരവ്‌ ലഭ്യമാക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്‌. ആരോപണങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കി. ധര്‍മടം നിയോജകമണ്‌ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന്‌ അച്ചടി- ദൃശ്യ മാധ്യമങ്ങളിലും വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളും മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമെതിരെ 136 കേസുകളും കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു വിഎസ്‌ നടത്തിയ പ്രസ്‌താവന. കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച അച്യുതാനന്ദന്റെ ലേഖനം, പ്രസംഗത്തിന്റെ വീഡിയോ സിഡി എന്നിവ തെളിവായി ഹാജരാക്കി. മുഖ്യമന്ത്രിക്കെതിരെ നിലവില്‍ ഒരു ക്രിമിനല്‍കേസും ഇല്ലെന്ന്‌ അറിയാവുന്ന വിഎസിന്റെ പ്രസ്‌താവന കരുതിക്കൂട്ടി ഉള്ളതാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സമൂഹമധ്യത്തില്‍ അപഹാസിതനാക്കുമെന്ന്‌ വിഎസിന്‌ അറിയാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരംവ്യാജ ആരോപണങ്ങള്‍ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കും. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ അച്യുതാനന്ദന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. അന്തസും മാന്യതയും ഇല്ലാത്ത അദ്ദേഹത്തിന്റെ വാക്കുകള്‍ വിദ്വേഷ രാഷ്‌ട്രീയം പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു. വിഎസ്‌ ഉണ്ടാക്കിയ അപമാനം എത്ര രൂപ നഷ്ടപരിഹാരമായി ലഭിച്ചാലും മാറുന്നതല്ല. എന്നാല്‍ ഒരു പ്രതീകമെന്ന നിലയിലാണ്‌ ഒരുലക്ഷംരൂപ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതു രണ്ടാംതവണയാണ്‌ ഉമ്മന്‍ചാണ്ടി വി.എസിനെതിരെ മാനനഷ്ടക്കേസ്‌ നല്‍കുന്നത്‌. അന്യസംസ്ഥാനങ്ങളില്‍നന്നു കോഴി ഇറക്കുമതി ചെയ്യാന്‍ ഉമ്മന്‍ചാണ്ടി കോഴ വാങ്ങിയെന്ന്‌ ആരോപിച്ചു ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ ഫയല്‍ ചെയ്‌ത കേസില്‍ കോടതി 1,10,000 രൂപ ശിക്ഷവിധിച്ചിരുന്നു. 2002ലായിരുന്നു അത്‌. അന്ന്‌ പത്രത്തിന്റെ ചീഫ്‌ എഡിറ്ററായിരുന്നു വിഎസ്‌.