Breaking News

Trending right now:
Description
 
Apr 28, 2016

എസ്‌എസ്‌എല്‍സിക്ക്‌ 96.59 ശതമാനം വിജയം; പത്തനംതിട്ട വിജയശതമാനം കൂടിയ ജില്ല

image സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 96.59 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ 4,73,803 വിദ്യാര്‍ഥികളില്‍ 4,57,654 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 22,879 വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ചു. 49,081 പേര്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ്‌ ലഭിച്ചു. 1,207 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന്‌ അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനത്തില്‍ രണ്ടു ശതമാനത്തോളം കുറവുണ്ടായി. കഴിഞ്ഞ തവണ 98.57 ശതമാനമായിരുന്നു വിജയം. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ല. വിജയശതമാനം കൂടിയ ജില്ല പത്തനംതിട്ടയാണ്‌. 99.04 ശതമാനമാണ്‌ വിജയം. കുറഞ്ഞ വിജയശതമാനമുള്ള ജില്ല വയനാടാണ്‌. ഇവിടെ 92.3 ശതമാനമാണ്‌ വിജയം. എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയവരുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ്‌ ഒന്നാമത്‌. എസ്‌എസ്‌എല്‍സി (ഹിയറിംഗ്‌ ഇംപയേര്‍ഡ്‌) വിഭാഗത്തില്‍ നൂറുശതമാനമാണു വിജയം. 294 പേര്‍ പരീക്ഷയെഴുതി എല്ലാവരും വിജയം നേടി. ടിഎച്ച്‌എസ്‌എല്‍സിയില്‍ 98.8 ശതമാനമാണു വിജയം. ഈ വിഭാഗത്തില്‍ 3,516 പേര്‍ പരീക്ഷയെഴുതിയതില്‍ 3,474 പേര്‍ വിജയിച്ചു. ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ്‌ ഇംപയേര്‍ഡ്‌) വിഭാഗത്തില്‍ 20 പേര്‍ പരീക്ഷയെഴുതിയതില്‍ 17 പേര്‍ ഉപരിപഠനത്തിന്‌ യോഗ്യരായി. ആര്‍ട്ട്‌ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 77 പേരും ഉപരിപഠനത്തിന്‌ യോഗ്യത നേടി. 96.2 ശതമാനമാണ്‌ വിജയം. ഗള്‍ഫിലെ ഒന്‍പത്‌ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ 533 വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍ ലക്ഷദ്വീപില്‍ പരീക്ഷയ്‌ക്കിരുന്ന 813 വിദ്യാര്‍ഥികളില്‍ 650 പേരാണ്‌ ഉപരിപഠനത്തിന്‌ യോഗ്യത നേടിയത്‌.