Breaking News

Trending right now:
Description
 
Apr 28, 2016

നികേഷിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള വിഎസിന്റെ കത്ത്‌ പുറത്ത്‌

image അഴിക്കോട്‌ മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായ എം.വി.നികേഷ്‌കുമാറിനെതിരായ വഞ്ചനാക്കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഡിജിപിക്കു നല്‍കിയ കത്ത്‌ പുറത്ത്‌. ഈവര്‍ഷം മാര്‍ച്ച്‌ എട്ടിന്‌ അയച്ച കത്ത്‌ ഇലക്ഷന്‍ ചൂടിനിടയില്‍ പുറത്തുവന്നത്‌ ഏറെ വിവാദമുണ്ടാക്കും. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ലാലി ജോസഫ്‌ നികേഷിനും ഭാര്യ റാണിക്കുമെതിരെ നല്‍കിയ പരാതിക്കൊപ്പമാണ്‌ വിഎസ്‌ ഡിജിപിക്ക്‌ കത്തുനല്‍കിയത്‌. നികേഷ്‌ മാനേജിങ്‌ ഡയറക്ടറായ ടിവി ചാനലിന്റെ ഡയറക്ടറാക്കാമെന്നു വിശ്വസിപ്പിച്ച്‌ ലാലി ജോസഫിനെക്കൊണ്ട്‌ ഒന്നരക്കോടി രൂപ ചാനലില്‍ നിക്ഷേപിച്ചശേഷം ഡയറക്ടര്‍ ആക്കാതെ വഞ്ചിച്ചുവെന്നായിരുന്നു പരാതി. നികേഷ്‌ സ്വാധീനം ഉപയോഗിച്ച്‌ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞുവെന്നും അതിനാല്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നും താല്‍പ്പര്യപ്പെടുന്നുവെന്നാണ്‌ വിഎസ്‌ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. നല്‍കേണ്ട ഓഹരികളുടെ മൂല്യം കുറച്ചുവെന്നും ലാലി ജോസഫ്‌ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്‌. നികേഷ്‌ കുമാറിനെ അഴീക്കോട്‌ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ ധാരണയായ ശേഷമാണ്‌ വിഎസ്‌ കത്തു നല്‍കിയത്‌. മാര്‍ച്ച്‌ നാലിനു കണ്ണൂര്‍ ജില്ലയിലെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം അഴിക്കോട്‌ ഒഴിച്ചിട്ടു. അവിടെ നികേഷിനെ സ്ഥാനാര്‍ഥിയാക്കണമെന്നു സംസ്ഥാന നേതൃത്വത്തോട്‌ നിര്‍ദേശിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നികേഷ്‌ എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു. നികേഷിന്റെ ഹര്‍ജിയില്‍ വഞ്ചനാക്കേസിന്റെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌ ഇപ്പോള്‍.