Breaking News

Trending right now:
Description
 
Apr 27, 2016

പാര്‍ലമെന്റ്‌ മന്ദിരത്തിലെത്തിയ സുരേഷ്‌ ഗോപി പടിക്കെട്ടില്‍ തൊട്ടുവന്ദിച്ചു

image രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടശേഷം നടന്‍ സുരേഷ്‌ ഗോപി ഇന്നലെ ആദ്യമായി പാര്‍ലമെന്റിലെത്തുംമുമ്പ്‌ പാര്‍ലമെന്റ്‌ പടിക്കെട്ടില്‍ തൊട്ടുവന്ദിച്ചു. കറുത്ത കണ്ണട ധരിച്ചാണ്‌ സുരേഷ്‌ ഗോപി പാര്‍ലമെന്റിലെത്തിയത്‌. സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു സുരേഷ്‌ ഗോപിയുടെ വരവ്‌. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെയും വയലാര്‍ രവി എംപിയെയും പാര്‍ലമെന്റില്‍കണ്ട്‌ ആശീര്‍വാദം വാങ്ങി. ഈ അവസരം പൂര്‍വജന്മ പുണ്യമാണെന്നും തന്നെയും കേരളത്തെയും ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണെന്നുമാണ്‌ പാര്‍ലമെന്റില്‍നിന്നു തിരിച്ചിറങ്ങിവന്ന ആക്‌ഷന്‍ ഹീറോ പറഞ്ഞത്‌. ഇന്നലെതന്നെ അദ്ദേഹം നാട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. സത്യപ്രതിജ്ഞ വെള്ളിയാഴ്‌ച 12.30നും ഒരുമണിക്കും ഇടയ്‌ക്ക്‌ നടക്കും. ഇന്നലത്തെ നാട്ടിലേക്കുള്ള മടക്കത്തിന്റെ പ്രധാനലക്ഷ്യം നിയുക്ത സ്ഥാനലബ്ധിക്കു ഗുരുവായൂര്‍ ചെന്നു ഭഗവാനോടു നേരിട്ടു നന്ദി പറയുകയാണ്‌. സത്യപ്രതിജ്ഞാ ചടങ്ങിന്‌ കുടുംബാംഗങ്ങളെ കൂട്ടുമെന്നും സുരേഷ്‌ ഗോപി വ്യക്തമാക്കി. പത്തിലേറെ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റ്‌ പരിസരത്ത്‌ വന്നിട്ടുണ്ടെങ്കിലും അകത്തു കയറുന്നത്‌ ആദ്യമായാണെന്നു സുരേഷ്‌ ഗോപി പറഞ്ഞു. വെള്ളിയാഴ്‌ച സുരേഷ്‌ ഗോപിക്കൊപ്പം ക്രിക്കറ്റ്‌ താരം നവജ്യോത്‌ സിംഗ്‌ സിദ്ദുവും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാജ്യസഭയിലേക്ക്‌ എംപിമാരായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ സുബ്രഹ്മണ്യന്‍ സ്വാമി, ബോക്‌സിംഗ്‌ താരം മേരി കോം, സ്വപന്‍ ദാസ്‌ ഗുപ്‌ത, നരേന്ദ്ര ജാദവ്‌ എന്നിവര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.