Breaking News

Trending right now:
Description
 
Apr 27, 2016

കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ രണ്ടാമതും ഹൃദയംമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം

image കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വീണ്ടും വിജയകരമായി നടത്തി. ഏഴു മാസത്തിനുള്ളില്‍ രണ്ടാമത്തെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയാണ്‌ ചൊവ്വാഴ്‌ച നടന്നത്‌. എറണാകുളം എടവനക്കാട്‌ രായംമരക്കാര്‍ വീട്ടില്‍ ബഷീറിലാണ്‌ (55) ഹൃദയം വച്ചുപിടിപ്പിച്ചത്‌. മസ്‌തിഷ്‌ക മരണം സംഭവിച്ച എറണാകുളം സ്വദേശിയായ ഇരുപത്തിരണ്ടുകാരന്റെ ഹൃദയമാണ്‌ ഡോക്ടര്‍മാരുടെ സംഘം ബഷീറില്‍ തുന്നിച്ചേര്‍ത്തത്‌. ശസ്‌ത്രക്രിയയ്‌ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ ബഷീര്‍ സാധാരണ ജീവിതത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റിയില്‍നടന്ന ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്ത ഹൃദയം ആംബുലന്‍സില്‍ പത്തുമണിയോടെ കോട്ടയത്ത്‌ എത്തിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാത്രിയില്‌ മെഡിക്കല്‍കോളജിലെ വിദഗ്‌ധസംഘം കൊച്ചിയിലേക്ക്‌ യാത്ര തിരിച്ചപ്പോള്‍തന്നെ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്‌ത്രക്രിയയ്‌ക്ക്‌ ഒരുക്കിയിരുന്നു. ഹൃദയവുമായി ആംബുലന്‍സ്‌ തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ ബഷീറിന്റെ ശസ്‌ത്രക്രിയ ആരംഭിച്ചു. 10.18ന്‌ ഹൃദയവുമായി വിദഗ്‌ധസംഘം ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിച്ചു. 10.26ന്‌ ബഷീറിന്റെ ഹൃദയം ശരീരത്തില്‍നിന്നു വേര്‍പെടുത്തി. 46 മിനിറ്റിനുള്ളില്‍ എറണാകുളത്തുനിന്നു കൊണ്ടുവന്ന ഹൃദയം വച്ചുപിടിപ്പിച്ചു. പിന്നീട്‌ ഒരു മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റുകയായിരുന്നു. ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌.