Breaking News

Trending right now:
Description
 
Apr 26, 2016

താരപ്പകിട്ടില്‍ നടന്‍ രതീഷിന്റെ മകള്‍ക്ക്‌ മംഗല്യം

image അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പത്മയ്‌ക്ക്‌ താരപ്പകിട്ടോടെ മാംഗല്യം. ഇടപ്പള്ളി സ്വദേശി ശങ്കര്‍മേനോന്റെ മകന്‍ സഞ്‌ജീവ്‌ മേനോനാണ്‌ വരന്‍. അബുദാബിയില്‍ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്‌ സഞ്‌ജീവ്‌ മേനോന്‍. എറണാകുളം കരയോഗം ഹാളില്‍ നടന്ന ചടങ്ങിന്‌ മലയാളസിനിമാലോകം ഒന്നടങ്കമെത്തി. രതീഷിന്റെയും ഭാര്യ ഡയാനയുടെയും അകാലവേര്‍പാടിനുശേഷം അവരുടെനാലുമക്കള്‍ക്കും താങ്ങായിനിന്ന സഹപ്രവര്‍ത്തകര്‍തന്നെയാണ്‌ വിവാഹനടത്തിപ്പിന്‌ മുന്നില്‍നിന്നത്‌. നിര്‍മാതാവ്‌ ജി.സുരേഷ്‌ കുമാറും ഭാര്യയും നടിയുമായ മേനകയുമാണ്‌ മാതാപിതാക്കളുടെ സ്ഥാനത്തുനിന്നു വധുവിനെ മണ്ഡപത്തിലേക്ക്‌ കൈപിടിച്ചു നടത്തിയത്‌. സംവിധായകന്‍ ജോഷി വധൂവരന്മാര്‍ക്ക്‌ പൂമാല കൈമാറി. മമ്മൂട്ടി മോതിരവും ജയറാം പൂച്ചെണ്ടും നല്‍കി അനുഗ്രഹിച്ചു. നടി പാര്‍വതി ജയറാം, രാധിക സുരേഷ്‌ ഗോപി, നടി കീര്‍ത്തി സുരേഷ്‌, രതീഷിന്റെ മറ്റൊരുമകളായ നടി പാര്‍വതി തുടങ്ങിയവരാണ്‌ താലമേന്തി വധുവിനെ വരവേറ്റത്‌. വിവാഹശേഷം മേനകയും പാര്‍വതിയും ചേര്‍ന്ന്‌ ഇരുവര്‍ക്കും മധുരം നല്‍കി. നടന്‍ ദിലീപ്‌, മഞ്‌ജുവാര്യര്‍, കവിയൂര്‍പൊന്നമ്മ, കെപിഎസി ലളിത, മണിയന്‍പിള്ള രാജു, മനോജ്‌ കെ.ജയന്‍, ചിപ്പി, ആനി, ഷാജി കൈലാസ്‌, രഞ്‌ജി പണിക്കര്‍, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്ത്‌ തുടങ്ങിയവരും ചടങ്ങിന്‌ സാക്ഷികളായി.