Breaking News

Trending right now:
Description
 
Apr 26, 2016

ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളി ഫാത്തിമ മരണത്തിനു കീഴടങ്ങി

image മനുഷ്യസ്‌നേഹികളുടെ സഹായത്തോടെ ഹൃദയവും ശ്വാസകോശവും മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ അമ്പിളി ഫാത്തിമ (22) മരണത്തിനു കീഴടങ്ങി. തിങ്കളാഴ്‌ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയില്‍തന്നെ അപൂര്‍വമായി നടന്ന ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ എട്ടുമാസം മുമ്പ്‌ അമ്പിളി ഫാത്തിമ വിധേയയായത്‌. രക്തത്തിലും ആന്തരികാവയവങ്ങളിലുമുണ്ടായ അണുബാധയാണ്‌ മരണകാരണം. നാലുദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. കഴിഞ്ഞവര്‍ഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അമ്പിളിയുടെ ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ചത്‌. മാസങ്ങള്‍ നീണ്ട തുടര്‍ചികിത്സയയ്‌ക്കു ശേഷം ഒരുമാസം മുമ്പാണു കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ മടങ്ങിയെത്തിയത്‌. ചികിത്സാസൗകര്യാര്‍ഥം ഇവര്‍ കോട്ടയം ഗാന്ധിനഗറില്‍ വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസന്റെയും ഷൈലയുടെയും ഏകമകളായിരുന്നു. കബറടക്കം നടത്തി.

കോട്ടയം സിഎംഎസ്‌ കോളജില്‍ എംകോ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അമ്പിളി. രണ്ടാമത്തെ വയസില്‍ ബോധംകെട്ടുവീണപ്പോള്‍ നടത്തിയ വിദഗ്‌ധ ചികിത്സയിലാണ്‌ അമ്പിളിയുടെ ഹൃദയത്തിനു സുഷിരമുള്ളതായി കണ്ടെത്തിയത്‌. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെയും ഇതുബാധിച്ചിരുന്നു. ഹൃദയവും ഇരുശ്വാസകോശങ്ങളും മാറ്റിവയ്‌ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്‌തു. നിര്‍ദ്ധന കുടുംബത്തിലെ മാതാപിതാക്കള്‍ക്ക്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ശസ്‌ത്രക്രിയ നീണ്ടുപോയി. തുടര്‍ന്നു മനുഷ്യസ്‌നേഹികളുടെ ഇടപെടലില്‍ 1.2 കോടിയോളം രൂപ സഹായമായി എത്തി. കഴിഞ്ഞ ഓഗസ്‌റ്റ്‌ 15നാണ്‌ അമ്പിളി ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ചെന്നൈയിലെത്തി അമ്പിളിക്കുവേണ്ട സഹായങ്ങളും ചെയ്‌തിരുന്നു. മാസത്തില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകള്‍ വേണ്ടിവന്നിരുന്നു. മൂന്നുദിവസം കൂടുമ്പോള്‍ രക്തപരിശോധനയും നടത്തിയിരുന്നു. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ച ശസ്‌ത്രക്രിയയ്‌ക്കുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്നു അപ്പോളോയില്‍തന്നെ മറ്റൊരു ശസ്‌ത്രക്രിയയും ചെയ്‌തിരുന്നു. പിന്നീട്‌ അണുബാധ ശമിച്ചതിനെത്തുടര്‍ന്നാണ്‌ അമ്പിളിയും കുടുംബാംഗങ്ങളും നാട്ടിലേക്കു തിരിച്ചെത്തിയത്‌.