Breaking News

Trending right now:
Description
 
Apr 23, 2016

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം ബുധനാഴ്‌ച നാട്ടിലെത്തിക്കും

image ഒമാനിലെ സലാലയില്‍ കുത്തേറ്റ്‌ മരിച്ച മലയാളി നഴ്‌സ്‌ ചിക്കുവിന്റെ മൃതദേഹം ബുധനാഴ്‌ച നാട്ടിലെത്തിക്കും. കറുകുറ്റിയിലെ സ്വന്തം വീട്ടിലേയ്‌ക്കായിരിക്കും മൃതദേഹം കൊണ്ടുവരുന്നത്‌. ഇടവക പള്ളിയായ കറുകുറ്റി ക്രിസ്‌തുരാജാശ്രമ ദേവാലയത്തിലാണ്‌ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നതെന്നാണ്‌ ബന്ധുക്കള്‍ നല്‍കുന്ന വിവരം. പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്‌. പൊലീസ്‌ ചിക്കുവിന്റെ ഭര്‍ത്താവ്‌ ലിന്‍സനില്‍നിന്നു മൊഴിയെടുത്തു. ഇന്നലെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടത്തി. കൊല്ലപ്പെട്ട ചിക്കു നാലുമാസം ഗര്‍ഭിണിയായിരുന്നു. മോഷണശ്രമത്തിനിടെയാണ്‌ മോഷ്ടാവ്‌ ചിക്കുവിനെ കൊലപ്പെടുത്തിയത്‌. ശരീരത്തിന്റെ പലഭാഗങ്ങളില്‍ കുത്തേറ്റിരുന്നു. ചെവി അറുത്തുമാറ്റി മോഷ്ടാവ്‌ കമ്മലും കവര്‍ന്നു. സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ അയല്‍വാസിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അന്വേഷണം പൂര്‍ത്തിയായശേഷമേ നാട്ടിലെത്തിക്കുകയുള്ളൂ. അതിനുള്ള അടിയന്തര നടപടികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഒമാനിലെ ഇന്ത്യന്‍ എംബസി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്ര വിദേശകാര്യ വക്താവ്‌ വികാസ്‌ സ്വരൂപ്‌ ഡല്‍ഹിയില്‍ പറഞ്ഞു. ജനാലയിലൂടെയാണ്‌ മോഷ്ടാവ്‌ ചിക്കുതാമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കടന്നതും കൊല നടത്തിയതും. ബദര്‍ അല്‍സമ ആശുപത്രിയിലെ ജീവനക്കാരാണ്‌ നഴ്‌സ്‌ ചിക്കുവും ഭര്‍ത്താവ്‌ കോട്ടയം ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിന്‍സനും. മസ്‌കറ്റില്‍ കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡേയ്‌ക്കു കത്തയച്ചിട്ടുണ്ട്‌.