Breaking News

Trending right now:
Description
 
Apr 23, 2016

കെ.എം.മാണിയും കുമ്മനം രാജശേഖരനും ഉള്‍പ്പെടെ 29 പേര്‍ പത്രിക സമര്‍പ്പിച്ചു

image നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങിയ ആദ്യദിനത്തില്‍ സംസ്ഥാനത്ത്‌ 29 പേര്‍ പത്രിക സമര്‍പ്പിച്ചു. ഏഴു പത്രികകള്‍ വീതം ലഭിച്ച തിരുവനന്തപുരം, കോട്ടയം ജില്ലകളാണ്‌ മുന്നില്‍. കാസര്‍ഗോഡ്‌- നാല്‌, കോഴിക്കോട്‌- ഒന്ന്‌, പാലക്കാട്‌- രണ്ട്‌, തൃശൂര്‍- രണ്ട്‌, ആലപ്പുഴ- രണ്ട്‌, പത്തനംതിട്ട- ഒന്ന്‌, കൊല്ലം- മൂന്ന്‌ എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ പത്രികകള്‍ നല്‍കിയവരുടെ എണ്ണം. സാമൂഹിക സാംസ്‌കാരിക പ്രമുഖരില്‍നിന്നു കെട്ടിവയ്‌ക്കാനുള്ള 10,000 രൂപ ഏറ്റുവാങ്ങിയാണ്‌ പലരും വരണാധികാരികള്‍ക്കുമുമ്പില്‍ പത്രികയുമായി എത്തിയത്‌. സംസ്ഥാനത്തെ 420 മുന്നണി സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്രര്‍ക്കും മറ്റു കക്ഷികളില്‍പ്പെട്ടവര്‍ക്കും പത്രികനല്‍കാന്‍ ഇനിയുള്ളത്‌ അഞ്ചുദിവസങ്ങളേയുള്ളൂ. ഇന്നും പൊതുഅവധിദിവസമായ നാളെയും പത്രിക സ്വീകരിക്കില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍, കേരള കോണ്‍ഗ്രസ്‌-എം ചെയര്‍മാന്‍ കെ.എം. മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സ്‌പീക്കര്‍ എന്‍. ശക്തന്‍, കെപിസിസി മുന്‍ പ്രസിഡന്റ്‌ കെ. മുരളീധരന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ തുടങ്ങിയവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചവരില്‍ പെടും. സ്വത്തു വിവരം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ സംബന്ധിച്ച സത്യവാങ്‌മൂലത്തിനു പുറമേ, സര്‍ക്കാര്‍ താമസ സംവിധാന ഉപയോഗം സംബന്ധിച്ച പ്രത്യേക സത്യവാങ്‌മൂലവും ഇത്തവണ മുതല്‍ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്‌.

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥിയും സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‌ കോട്ടയം അയ്‌മനം വില്ലേജില്‍ 25.5 സെന്‍റ്‌ സ്ഥലം സ്വന്തമായുണ്ട്‌. കൈവശം 10,000 രൂപയും ബാങ്കില്‍ 34,614 രൂപയുടെ നിക്ഷേപവുമുണ്ട്‌. ജന്മഭൂമി പത്രത്തില്‍ 5100 രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്‌. തന്റെ പേരില്‍ കേസോ ബാങ്കുകളില്‍ വായ്‌പയോ സ്വന്തമായി വാഹനമോ ഇല്ലെന്നാണു കുമ്മനം നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. മുന്‍ധനമന്ത്രി കെ.എം. മാണിയുടെ കൈവശം പണമായി 40,000 രൂപ മാത്രം. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ്‌ സ്വത്തു വിവരമുള്ളത്‌. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപങ്ങളിലായി 2.48 ലക്ഷം രൂപയുണ്ട്‌ 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്‌. ഒരു രൂപയുടെ പോലും സ്വര്‍ണമോ മറ്റ്‌ ആഭരണങ്ങളോ കൈവശമില്ലെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. പാലാ എസ്‌ബിഐ, തിരുവനന്തപുരം സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക്‌, ഗവണ്‍മെന്റ്‌ ട്രഷറി എന്നിവിടങ്ങിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്‌. പാലാഴി റബര്‍ ടയേഴ്‌സിലടക്കം ഷെയറുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ കൈവശമുള്ളതു വെറും 2600 രൂപയും ഭാര്യയുടെ കൈയിലുള്ളതു 1900 രൂപയും. എസ്‌ബിടി തിരുവനന്തപുരം സ്റ്റാച്ച്യു ശാഖയില്‍ 19412 രൂപയും ട്രഷറിയില്‍ 499 രൂപയും കോട്ടയം പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ഭാര്യയുടെയും കൂടി പേരിലുള്ള ജോയിന്റ്‌ അക്കൗണ്ടില്‍ 14047 രൂപയുമുണ്ട്‌. ഭാര്യയ്‌ക്കു പെന്‍ഷനു പുറമേ കോട്ടയം പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ 50335 രൂപയുടെ നിക്ഷേപവുമുണ്ട്‌. ആദായ നികുതി റിട്ടേണില്‍ തിരുവഞ്ചൂരില്‍ ആകെ 4,26,830 രൂപയുടെയും ഭാര്യയ്‌ക്കു 4,55,219 രൂപയുടെയും ആകെ വരുമാനവുമുള്ളതായും പറയുന്നു. കെ. മുരളീധരന്‍െറ കൈവശമുള്ളത്‌ 20,000 രൂപ. വിവിധ ബാങ്കുകളിലായി 1.49 കോടി രൂപയുടെ സ്ഥിര നിക്ഷേപവും സബ്‌ട്രഷറി ഉള്‍പ്പെടെ വിവിധ ബാങ്കുകളിലായി 32.77 ലക്ഷം രൂപയുടെ സേവിംഗ്‌സ്‌ ബാങ്ക്‌ നിക്ഷേപവും ഉണ്ട്‌. സ്ഥാവര- ജംഗമ വസ്‌തുക്കള്‍ ഉള്‍പ്പെടെ 7.45 കോടി രൂപയുടെ ആസ്‌തിയാണ്‌ കെ. മുരളീധരനു സ്വന്തമായുള്ളതെന്ന്‌ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്‌.