Breaking News

Trending right now:
Description
 
Apr 22, 2016

വെടിക്കെട്ട്‌ അപകടം: മുഖ്യകരാറുകാരനും ഭാര്യയും അറസ്റ്റില്‍

image പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ അപകടക്കേസില്‍ ഒളിവിലായിരുന്ന മുഖ്യകരാറുകാരന്‍ വര്‍ക്കല വെട്ടൂര്‍ വിളഭാഗം വലയന്റെകുഴി കൃഷ്‌ണന്‍കുട്ടി (59), ഭാര്യ അനാര്‍ക്കലി (52) എന്നിവരെ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തു. അപകടം നടന്ന 10ന്‌ പുലര്‍ച്ചെ ക്ഷേത്രത്തില്‍നിന്നു രക്ഷപ്പെട്ട കൃഷ്‌ണന്‍കുട്ടി ഭാര്യയ്‌ക്കൊപ്പം ഒളിവിലായിരുന്നു. പള്ളിക്കലെ ബന്ധുവീട്ടില്‍നിന്നാണ്‌ ഇരുവരെയും അറസ്റ്റു ചെയ്‌തത്‌. ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ എത്തിച്ച ദമ്പതികളെ ചോദ്യം ചെയ്‌തു. അപകടത്തില്‍ കൃഷ്‌ണന്‍കുട്ടി മരിച്ചുവെന്നാണ്‌ ആദ്യം കരുതിയിരുന്നത്‌. പുറ്റിങ്ങല്‍ നടന്നതു മത്സര വെടിക്കെട്ടാണെന്നു ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. അപകടം നടക്കുന്നതിനു മുമ്പുതന്നെ വെടിക്കെട്ടു പൂര്‍ത്തിയാക്കി താനും തൊഴിലാളികളും മടങ്ങിയതായി കൃഷ്‌ണന്‍കുട്ടി മൊഴിനല്‍കി. 40 വര്‍ഷമായി വെടിക്കെട്ടു നടത്തുന്ന കൃഷ്‌ണന്‍കുട്ടിക്ക്‌ ഭാര്യയുടെ പേരില്‍ 15 കിലോ വെടിമരുന്നും 5000 രൂപയുടെ പടക്കങ്ങളും സൂക്ഷിക്കാന്‍ 2017 മാര്‍ച്ച്‌ 31വരെ ലൈസന്‍സുണ്ട്‌. കഴിഞ്ഞവര്‍ഷം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തിയ വെടിക്കെട്ടു മത്സരത്തില്‍ കൃഷ്‌ണന്‍കുട്ടിക്കായിരുന്നു ഒന്നാംസ്ഥാനം. കേസില്‍ അനാര്‍ക്കലി നാലാംപ്രതിയും കൃഷ്‌ണന്‍കുട്ടി അഞ്ചാംപ്രതിയുമാണ്‌. ഇരുവരും ഈമാസം 19ന്‌ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാട്‌ അറിയുന്നതിനായി ഹര്‍ജി 29ലേക്ക്‌ മാറ്റുകയായിരുന്നു. ഇതിനിടെയാണ്‌ അറസ്റ്റ്‌.