Breaking News

Trending right now:
Description
 
Apr 22, 2016

വെടിക്കെട്ടു നടത്തിയാല്‍ ദൈവം പ്രസാദിക്കുമോ? ജസ്‌റ്റീസ്‌ കെമാല്‍ പാഷ

image പരവൂര്‍ വെടിക്കെട്ട്‌ അപകടം മനുഷ്യന്‍ ക്ഷണിച്ചുവരുത്തിയതാണെന്നു ഹൈക്കോടതി ജഡ്‌ജി ജസ്റ്റീസ്‌ ബി. കെമാല്‍ പാഷ. എറണാകുളത്ത്‌ മാര്‍ത്തോമാ എഡ്യൂക്കേഷണല്‍ സൊസെറ്റിയുടെ (എംടിഎസ്‌) രജതജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട്‌ നടത്തിയാല്‍ മാത്രമേ ദൈവം പ്രസാദിക്കൂ എന്നു ബൈബിളിലോ ഖുറാനിലോ ഭഗവത്‌ഗീതയിലോ പറയുന്നില്ല. വിദേശരാജ്യങ്ങളില്‍ റിമോട്ട്‌ സംവിധാനം ഉപയോഗിച്ചാണു വെടിക്കെട്ടുകള്‍ നടത്തുന്നത്‌. മനുഷ്യനു വീടുവയ്‌ക്കാന്‍ ആവശ്യത്തിനു സ്ഥലമില്ലാത്ത കേരളത്തില്‍ എന്തിനാണു വെടിക്കെട്ട്‌ നടത്തുന്നത്‌. തീപ്പെട്ടി കമ്പനികളുടെ ലൈസന്‍സിന്റെ മറവില്‍ സംഘടിപ്പിക്കുന്ന നിരോധിത രാസവസ്‌തുക്കളാണു വെടിക്കെട്ടിനു പലപ്പോഴും ഉപയോഗിക്കുന്നതെന്ന്‌ ജസ്റ്റീസ്‌ കെമാല്‍ പാക്ഷ പറഞ്ഞു. തൃശൂര്‍ പൂരത്തിനു കൊണ്ടുവരുന്ന ആനകള്‍ക്കു ശരിയായ ഉറക്കം പോലും ലഭിക്കുന്നില്ല. മിക്കവാറും ആനകളെ എഴുന്നള്ളിക്കുന്നതു വലിയ വെയിലുള്ള സ്ഥലങ്ങളിലാണ്‌. ശരിയായ വിശ്രമം കിട്ടാത്തതിനാല്‍ ആനകള്‍ക്കു നാലു കാലില്‍ നില്‍ക്കാന്‍ സാധിക്കാത്ത വിധമുള്ള പ്രയാസം അനുഭവിക്കേണ്ടിവരുന്നുണ്ട്‌. ഒരു ആന ഇടഞ്ഞാല്‍ തന്നെ അവിടെ വലിയ ദുരന്തം സംഭവിക്കും. പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടായശേഷം മാത്രമാണ്‌ നമ്മള്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ആലോചിക്കാറുള്ളൂ. അതിനുമുമ്പുതന്നെ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്നും ജസ്റ്റീസ്‌ പറഞ്ഞു. നമ്മള്‍ വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാന്‍ ഭരണഘടനാപരമായ അവകാശം എല്ലാവര്‍ക്കുമുണ്ട്‌. മതം പ്രചരിപ്പിക്കുക എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌ നമ്മള്‍ എന്താണു വിശ്വസിക്കുന്നതെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.